Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:12 AM GMT Updated On
date_range 4 May 2022 12:12 AM GMTകോട്ടയത്തിന് വേണ്ടത് അക്കാദമിക് സിറ്റിയും സയൻസ് പാർക്കും
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ അക്കാദമിക് സിറ്റിയും ചെന്നൈ ഐ.ഐ.ടി മാതൃകയിൽ സയൻസ് പാർക്കും സ്ഥാപിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കണമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്‍റെ കേരളം മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസവും കോട്ടയം ജില്ലയുടെ സാധ്യതകളും' സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട റബർ, ടൂറിസം തുടങ്ങിയ മേഖലകളുടെ പൂർണ വികസനത്തിന് വഴിയൊരുക്കുന്നതാകും ഇത്തരം അക്കാദമിക് സംരംഭങ്ങൾ. സർക്കാറും വ്യവസായ, അക്കാദമിക് സമൂഹങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പുകളാണ്. പുതിയ സംരംഭകരെ വാർത്തെടുക്കുന്നതിനുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ അക്കാദമിക് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങാനുള്ള സർക്കാറിന്‍റെ നിർദേശം പുതിയ തലമുറയെ തൊഴിലന്വേഷകരിൽനിന്ന് സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുന്നതിനുമുള്ള വിപ്ലവകരമായ പരിപാടിയുടെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭകളുടെ രാജ്യത്തിന് പുറത്തേക്കുള്ള ഒഴുക്ക് ആശങ്കജനകമാണെന്ന് പരിപാടിയിൽ സംസാരിച്ച വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ മോഡറേറ്ററായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പ്രഫ. പി. ഹരികൃഷ്ണൻ, സെനറ്റ് അംഗം ഡോ. ജോജി അലക്സ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പലും തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബറുമായ ഡോ. സി. സതീഷ് കുമാർ , കോട്ടയം ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ് , സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വ, പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. വി.പി. ദേവസ്യ, എം.ഒ.സി കോളജസ് എജുക്കേഷൻ സെക്രട്ടറി ഡോ.എം. ഇ. കുര്യാക്കോസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. കൊളീജിയറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ജോർജ് സ്വാഗതവും ജോയന്റ് രജിസ്ട്രാർ ഇൻ ചാർജ് ബാബുരാജ് എ.വാര്യർ നന്ദിയും പറഞ്ഞു. KTL VC- എന്‍റെ കേരളം മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും എം.ജി സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് വിഷയാവതരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story