മണിമലയിൽ വ്യാപാരികൾക്ക്10 കോടിയുടെ നഷ്ടം
text_fieldsമണിമല: കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ മണിമലയിലെ വ്യാപാരികൾക്കുണ്ടായത് 10 കോടി രൂപയുടെ നഷ്ടം. മണിമലയിലെ 240 വ്യാപാരസ്ഥാപനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതിൽ 180 വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പത്തോളം കെട്ടിടങ്ങൾ ബലക്ഷയം നേരിടുകയാണ്. മണിമല ടൗണിൽ പെട്രോൾ പമ്പിനുസമീപം പലചരക്ക് കടക്ക് മാത്രമുണ്ടായത് അരക്കോടിയുടെ നഷ്ടം.
മാർക്കറ്റ് ജങ്ഷനിലെ ജൻഔഷധിയിലെ മുഴുവൻ മരുന്നും ഫർണിച്ചറുകളും നശിച്ചു. 20 ലക്ഷത്തിലേറെയാണ് നഷ്ടം. രണ്ടു സിമൻറ് കടകളിലെ ഗോഡൗണിലേതുൾപ്പെടെ പത്ത് ലക്ഷത്തിലേറെ രൂപയുടെ സിമൻറാണ് നശിച്ചത്. മാർക്കറ്റ് ജങ്ഷനിലെ നിരവധി പേരുടെ സമ്പാദ്യങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ഇവിടെയുണ്ടായിരുന്ന പൊടിമില്ലിന് 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പൊടിച്ചുകൊടുക്കുന്നതിന് സൂക്ഷിച്ചിരുന്ന കുരുമുളക്, കാപ്പിക്കുരു, ഗോതമ്പ്, അരി എന്നിവയെല്ലാം ഉപയോഗശൂന്യമായി. മണിമലയിലെ പലചരക്ക് കടകൾക്കാണേറെ നഷ്ടമുണ്ടായത്.
വളക്കട, ഫർണിച്ചർകട, കോഴീത്തീറ്റ കട, പെയിൻറ് കട, ഹോട്ടൽ, തടിമിൽ, ബേക്കറി, സ്റ്റേഷനറി, തുണിക്കട , സ്റ്റുഡിയോ ഇവർക്കെല്ലാം വൻ നഷ്ടമാണ്. മണിമലയിലെ വ്യാപാരമേഖല പൂർവസ്ഥിതിയിലെത്താൻ ഏറെ നാളുകളെടുക്കും. പ്രളയ മുന്നറിയിപ്പില്ലാതിരുന്നതാണ് വലിയ നഷ്ടത്തിന് കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണിമല യൂനിറ്റ് പ്രസിഡൻറ് ജോയിസ് കൊച്ചുമുറി പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം മണിമലയിലെ വ്യാപാരികൾ ഒരായുസ്സ് കൊണ്ടുണ്ടാക്കിയതെല്ലാം നഷ്ടമായി. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കച്ചവടം പുനരാരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും എം.എൽ.എ, എം.പി എന്നിവർക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.