ക്രിസ്മസിന് 10 നാൾ; സപ്ലൈകോ കാലി തന്നെ
text_fieldsകോട്ടയം: ക്രിസ്മസിന് 10 നാൾ അവശേഷിക്കെ സപ്ലൈകോ ഔട്ട്ലെറ്റുകൾ കാലിയായി തുടരുന്നു. സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവും വിലവർധനയും സാധാരണക്കാരന്റെ നിത്യജീവിതത്തിനെ അവതാളത്തിലാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ലാഭം കൊയ്യുന്നത് വൻകിട സ്വകാര്യ കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരുമാണ്.
നഗരഹൃദയത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിലെ റാക്കുകൾ ഏറെയും നിലവിൽ കാലിയാണ്. വെളിച്ചെണ്ണ എത്തിയിട്ട് മൂന്ന് മാസമായി. അടുത്തിടെ സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിച്ചതും ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. പഞ്ചസാര, അരി, പരിപ്പ് തുടങ്ങിയ ചുരുക്കം ആവശ്യവസ്തുക്കൾ മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നിരുനാലും സപ്ലൈകോയിൽനിന്ന് ലഭിക്കുന്നത് രണ്ടാംതരം ഉൽപന്നങ്ങളാണെന്നും ആക്ഷേപമുണ്ട്. വീട്ടമ്മമാർ ഒഴിഞ്ഞ സഞ്ചികളുമായാണ് സപ്ലൈകോയിൽനിന്ന് മടങ്ങുന്നത്.
ജീവനക്കാരും യാതനയിൽ
കോവിഡിന് മുമ്പ് മാസത്തിൽ 75 ലക്ഷം വരെ ലഭിച്ചിരുന്ന നഗരത്തിലെ ഔട്ട്ലെറ്റ് പരിതാവസ്ഥയിലാണ്. നവംബറിൽ 36 ലക്ഷമാണ് നേടാനായത്. ഇതിനിടെ, ദിവസവേതനക്കാരുടെ യൂനിഫോം പോലും സ്വന്തം ചെലവിൽ തയ്പ്പിക്കേണ്ട അവസ്ഥയിലാണ്. 1000 രൂപയോളംവരും ഇതിന്റെ ചെലവ്. ഒരു ജോടി സ്പോൺസർ വ്യവസ്ഥയിൽ ലഭിച്ചിരുന്നു. യൂനിഫോം ഉപയോഗിക്കാത്ത ജീവനക്കാർക്ക് 500 രൂപവരെയാണ് സപ്ലൈകോ പിഴ ഈടാക്കുന്നത്.
ശമ്പളപ്രതിസന്ധിയെ തുടർന്ന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ അഞ്ച് ജീവനക്കാരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. ഓരോമാസവും ഇവരുടെ ശമ്പളം വീതംവെച്ച് നൽകേണ്ട അവസ്ഥയിലാണ്. ജീവനക്കാർക്ക് മിക്കപ്പോഴം ലഭിക്കുന്നത് ശമ്പളത്തിന്റെ പകുതിയിൽ താഴെ മാത്രമാണ്. സർക്കാറിൽനിന്ന് 3000 കോടിയോളമാണ് സപ്ലൈകോക്ക് കിട്ടാനുള്ളത്. കോവിഡ് കാല കിറ്റിന്റെ ചെലവ് തുക ഉൾപ്പെടെ സപ്ലൈകോക്ക് സർക്കാർ കൊടുക്കാനുണ്ട്.
പൂട്ടുവീണ് മെഡിക്കൽ സ്റ്റോർ
സപ്ലൈകോ മെഡിക്കൽ സ്റ്റോറിന് പൂട്ടുവീണിട്ട് രണ്ടുവർഷം കടക്കുന്നു. ഹൈപർ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റ് ഇല്ലെന്ന കാരണത്താലാണ് അടച്ചുപൂട്ടിയത്. വീണ്ടും തുറക്കുമോയെന്ന ചോദ്യത്തിന് മൗനംമാത്രമാണ് അധികൃതരുടെ ഉത്തരം. ഇൻസുലിന് 20 മുതൽ 24 ശതമാനം വരെ വിലക്കുറവും ബി.പി.എൽ കാർഡ് ഉടമകൾക്ക് 25 ശതമാനം വിലക്കുറവും മെഡിക്കൽ സ്റ്റോറിൽനിന്ന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.