എലിക്കുളത്ത് 100 കുട്ടിത്തോട്ടങ്ങൾ ഒരുങ്ങുന്നു
text_fieldsകോട്ടയം: കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയോട് ചേരാൻ ഒരുങ്ങുകയാണ് എലിക്കുളത്തെ 100 കുട്ടികർഷകർ. പനമറ്റം ദേശീയ വായനശാലയുടെ ബാലവേദി അംഗങ്ങളായ എട്ടുമുതൽ 14 വയസ്സ് വരെയുള്ള 100 കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്.
എലിക്കുളം കൃഷിഭവന്‍റെ സഹകരണത്തോടെ ഓരോ കുട്ടികളും അവരവരുടെ വീട്ടിൽ പച്ചക്കറികൃഷി നടത്തും. വിത്തുകളും കൃഷി നടത്തേണ്ട രീതികൾ സംബന്ധിച്ച ക്ലാസുകളും കൃഷിഭവൻ നടത്തും.
ആദ്യഘട്ടത്തിൽ വെണ്ട, ചീര, പയർ, പാവൽ, മുളക് എന്നിങ്ങനെ അഞ്ചിന പച്ചക്കറിയുടെ വിത്തുകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. പനമറ്റം വായനശാലയിൽ കുട്ടികൾക്കായി കൃഷി പരിചയപ്പെടുത്തൽ ക്ലാസ് നടത്തുകയും കൈപ്പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. കൃഷി വ്യാപിപ്പിക്കുന്നതിനായി പച്ചക്കറി തൈകൾ വിതരണം ചെയ്യാനും പദ്ധതിയുള്ളതായി കൃഷി ഓഫിസർ നിസ ലത്തീഫ് പറഞ്ഞു.
വായനശാലയുടെ വനിതവേദി-ഗുരുജനവേദി അംഗങ്ങൾ പിന്നീടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കുട്ടികൾക്ക് നിലമൊരുക്കുന്നതിനടക്കമുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്യും. മികച്ച കുട്ടിത്തോട്ടത്തിനുള്ള സമ്മാനവും വായനശാല നൽകും.
ക്ലാസിന്‍റെയും കൈപ്പുസ്തക വിതരണത്തിന്‍റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി നിർവഹിച്ചു. ദേശീയ ഗുരുജനവേദി പ്രസിഡന്‍റ് പി. വിജയൻ അധ്യക്ഷനായി. കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. ബാലവേദി പ്രവർത്തകരായ സഞ്ജന സഞ്ജീവ്, വന്ദന കൃഷ്ണ, ഗോകുൽ രാജേഷ്, അസി. കൃഷി ഓഫിസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ് കെ.കരുണാകരൻ, എലിക്കുളം കാർഷിക കർമസേന പ്രസിഡന്‍റ് സുജാത ദേവി, കെ.എസ്. അഭിജിത് ലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.