നാലുമാസത്തിനിടെ കോട്ടയം ജില്ലയിൽ പിടികൂടിയത് 105 കിലോ കഞ്ചാവ്
text_fieldsകോട്ടയം: നാല് മാസത്തിനിടെ ജില്ലയില്‍നിന്ന് പൊലീസ് പിടികൂടിയത് 105 കിലോയോളം കഞ്ചാവ്. കഴിഞ്ഞ നാലുമാസത്തെ കണക്കാണിത്. ഇതിനേക്കാൾ കൂടിയ അളവിൽ എക്സൈസും കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ചയാണ് ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടിയത്. ഏറ്റുമാനൂരിൽനിന്നാണ് 12.5 കിലോയോളം പിടികൂടിയത്. സംഭവത്തിൽ നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ. സാബുവിനെ (29) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം.എയും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപനക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലൈബുവിനെ 0.53 ഗ്രാം രാസലഹരിയുമായി പിടികൂടുന്നത്. തുടർന്ന് പൊലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽനിന്ന് 12.5 കിലോയോളം കഞ്ചാവുംകൂടി കണ്ടെടുക്കുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ജില്ല നാർകോട്ടിക്സെൽ ഡിവൈ.എസ്.പി സി.ജോൺ, കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഷിജി, ഏറ്റുമാനൂര്‍ എസ്.ഐ. കെ.കെ. പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഇതിനൊപ്പം ജില്ലയിൽ രാസലഹരി അടക്കമുള്ള മാരക മയക്കുമരുന്ന് വിൽപനയും സജീവമാണ്. ഗന്ധം കൊണ്ട് കഞ്ചാവ് തിരിച്ചറിയാനാവുമെങ്കിൽ സിന്തറ്റിക് ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനാകില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലക്കുന്നത്. പെൺകുട്ടികളിലും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്.
സിന്തറ്റിക് ലഹരി മരുന്നുകൾ പ്രധാനമായും ബംഗളൂരുവിൽനിന്ന് കൊറിയർ വഴിയാണ് എത്തുന്നതായാണ് പൊലീസിന്‍റെ നിഗമനം. പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ചും മറ്റുമാണ് അയക്കുന്നത്.ലഹരിക്കടത്തിന് സൗകര്യമൊരുക്കാനും ഇവ എത്തിക്കാനും ഗുണ്ട സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്വന്തം ഉപയോഗത്തിനും വിൽപനയിലൂടെ വരുമാനത്തിനും വേണ്ടിയാണ് ഗുണ്ട സംഘങ്ങൾ ലഹരിക്കടത്തിലേക്ക് തിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.