കിട്ടാനുള്ളത് 13 ലക്ഷം; കുത്തിയിരുന്ന് വാങ്ങിച്ച് കൗൺസിലർ
text_fieldsകോട്ടയം: ചിങ്ങവനത്തെ കുടിവെള്ള പദ്ധതിയിൽ കൗൺസിലർ ജോസ് പള്ളിക്കുന്നേലിന് ചെലവായ 13 ലക്ഷംരൂപ നൽകാതെ പദ്ധതി നടത്തിപ്പ് ഗുണഭോക്തൃ സമിതിക്ക് കൈമാറാൻ തീരുമാനം. ഇതേത്തുടർന്ന് പ്രതിഷേധവുമായി ജോസ് പള്ളിക്കുന്നേൽ കൗൺസിൽ ഹാളിന്റെ നടുവിൽ കസേരയിട്ടിരുന്നു. കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ 10 ലക്ഷം രൂപ അടുത്തദിവസം തന്നെ നൽകാൻ യോഗം തീരുമാനിച്ചു.
ജോസ് പള്ളിക്കുന്നേലിന്റെ സഹോദരനാണ് ഇവിടത്തെ പമ്പ് ഓപറേറ്റർ. വേതന ഇനത്തിൽ 2017 മുതലുള്ള തുക കുടിശ്ശികയായതിനെ തുടർന്ന് കൗൺസിലറാണ് പണം നൽകിയിരുന്നത്. ഈ പണംനൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പമ്പ് ഓപറേറ്ററുടെ വേതനം കണക്കാക്കുന്നതിൽ വന്ന കാലതാമസമാണ് ഇതിനു കാരണമെന്ന് സെക്രട്ടറി അറിയിച്ചു. തുടർന്ന് ബുധനാഴ്ച തന്നെ പണം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
തെരുവുവിളക്കുകൾ തെളിക്കുമെന്ന് വീണ്ടും
നഗരസഭയിലെ 52 വാർഡുകളിലും രണ്ടുദിവസത്തിനകം തെരുവുവിളക്കുകൾ തെളിക്കുമെന്ന് കഴിഞ്ഞ കൗൺസിലിൽ എടുത്ത തീരുമാനം നടപ്പായില്ല. പ്രതിഷേധവുമായി ഭരണപക്ഷ-പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്. ഒടുവിൽ താൽക്കാലികമായി ബുധനാഴ്ച തന്നെ ബൾബുകളിടാൻ തീരുമാനിച്ചു.
സെപ്റ്റംബർ 25ന് വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടുദിവസത്തിനകം തെരുവുവിളക്കുകൾ തെളിക്കാൻ തീരുമാനിച്ചത്. നിലാവ് പദ്ധതിയെക്കുറിച്ച് കൗൺസിലർമാർ വ്യാപക പരാതി ഉന്നയിച്ചതിനെ തുടർന്ന് ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പോസ്റ്റിലെ കേടായ ബൾബുകൾ ഊരിയെടുത്ത് കെ.എസ്.ഇ.ബിക്കുനൽകി പകരം കരാറുകാരന്റെ കൈവശമുള്ള എൽ.ഇ.ഡി ബൾബുകളിടും.
14 ദിവസത്തിനകം കെ.എസ്.ഇ.ബി നന്നാക്കി നൽകുമ്പോൾ ഈ ബൾബ് മാറ്റിയിടാനുമായിരുന്നു തീരുമാനം. തനതു ഫണ്ടുപയോഗിച്ച് ചെയ്യുന്നതിനാൽ കാലതാമസം ഉണ്ടാവില്ലായിരുന്നു. എന്നാൽ, കൗൺസിൽ തീരുമാനം മിനിറ്റ്സായി ലഭിച്ചത് ഈമാസം അഞ്ചിനാണെന്ന് സെക്രട്ടറി അറിയിച്ചു. തെരുവുവിളക്കുകളുടെ കാര്യത്തിൽ തീരുമാനമാവാതെ ആരെയും പുറത്തുവിടില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. ബഹളത്തിനൊടുവിൽ താൽക്കാലികമായി വിളക്കുകൾ അടുത്തദിവസം തന്നെ തെളിക്കാമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.