കോട്ടയം ജില്ലയിലെ നെൽ കർഷകർക്ക് ലഭിക്കാനുള്ളത് 143.15 കോടി രൂപ
text_fieldsകോട്ടയം: സംഭരിച്ച നെല്ലിന്റെ പണം ആവശ്യപ്പെട്ട് ദിവസങ്ങളായി കർഷകർ സമരമുഖത്താണെങ്കിലും കനിയാതെ സപ്ലൈകോയും ബാങ്കുകാരും. ജില്ലയിലെ നെല്ല് കർഷകർക്ക് കഴിഞ്ഞ ദിവസംവരെ ലഭിക്കാനുള്ളത് 143.15 കോടിയാണ്. ജില്ലയിൽനിന്ന് മൊത്തം 202 കോടിയോളം രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 58.85 കോടി മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.
ബാങ്കുകളുമായി ധാരണപത്രത്തിൽ ഒപ്പിട്ടതായും പണം വിതരണത്തിലെ തടസ്സം നീങ്ങിയതായും സപ്ലൈകോ വിശദീകരിക്കുന്നുണ്ടെങ്കിലും വ്യാഴാഴ്ചയും മെല്ലപ്പോക്കിലാണ് തുക വിതരണം. എറ്റവുമൊടുവിൽ അഞ്ചു ദിവസത്തിനകം മുഴുവൻ കൃഷിക്കാരുടെയും പണം നൽകുമെന്നാണ് വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം. ഇതിൽ പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്; 80.64 കോടി. ചങ്ങനാശ്ശേരി -31.20 കോടിയും വൈക്കത്ത് 29.56 കോടിയും ലഭിക്കാനുണ്ട്. കോട്ടയത്ത് 116 കോടിയായിരുന്നു കുടിശ്ശിക.ഇതിൽ 36 കോടിയാണ് വിതരണം ചെയ്തത്. വൈക്കത്ത് 17ഉം ചങ്ങനാശ്ശേരിയിൽ ഏഴു കോടിയും നൽകി. 18527 കർഷകരിൽനിന്നായി ജില്ലയിൽ സപ്ലൈകോ 72,416 ടൺ നെല്ലാണ് സംഭരിച്ചത്.
ഇതിന്റെ പണം ആഴ്ചകൾ പിന്നിട്ടിട്ടും ലഭിക്കാതായതോടെ കർഷകർ സമരരംഗത്താണ്. ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പ തിരിച്ചു നൽകാൻ കഴിയാത്തത് മൂലം കർഷകർ വിഷമിക്കുകയാണ്. പലരിൽനിന്ന് കൃഷിക്കായി കടംവാങ്ങിയ പണം മടക്കി നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പുഞ്ചകൃഷി ഇറക്കിയ പാടത്ത് വിരിപ്പുകൃഷിയുടെ ജോലികൾ ഉടൻ ആരംഭിക്കണം. എന്നാൽ, വിത്ത് വാങ്ങാനും നിലം ഉഴാനും പണമില്ല.
തുടർപ്രവർത്തനങ്ങൾ വൈകുന്നത് വിരിപ്പുകൃഷി തന്നെ ഇല്ലാതാക്കുമെന്നും കർഷകർ പറയുന്നു. കർഷകരോഷം ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട സർക്കാർ, ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് 700 കോടി വായ്പയെടുത്തിരുന്നു. ഇതിനായി ഫെഡറൽ ബാങ്ക്, കനറാ ബാങ്ക്, എസ്.ബി.ഐ എന്നിവയുമായി സപ്ലൈകോ കരാറിലും ഒപ്പുവെച്ചു. ഇതിനുശേഷവും പണവിതരണത്തിൽ വേഗമായിട്ടില്ലെന്ന് കർഷകർ പറയുന്നു.
സപ്ലൈകോയുമായി കർഷകർ ബന്ധപ്പെടുമ്പോൾ ബാങ്കുമായി കരാർ ഒപ്പുവെച്ചെന്നും ഇനി അവരാണ് പണം നൽകേണ്ടതെന്നുമാണ് പറയുന്നതെന്ന് കർഷകർ പറയുന്നു. ഇതോടെ കർഷകർ ബാങ്കുകൾ കയറിയിറങ്ങുക യാണ്.നെല്ല് കൊടുക്കാൻ രജിസ്റ്റർ ചെയ്തപ്പോൾ ഫെഡറൽ ബാങ്ക്, കനറാ ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ അക്കൗണ്ട് നൽകിയവരുടെ പി.ആർ.എസും രേഖകളും ബാങ്കുകൾ വാങ്ങിവെക്കുന്നുണ്ട്.
എന്നാൽ മറ്റു ബാങ്കുകളുടെ അക്കൗണ്ട് നൽകിയ കർഷകർ എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണ്. ഒന്നാം സീസണിൽ കേരള ബാങ്കുവഴി പണം നൽകിയിരുന്നു. രണ്ടാം സീസണിൽ കേന്ദ്ര വിഹിതമായി ലഭിച്ച 698 കോടി മാർച്ച് 27 വരെ നൽകിയിരുന്നു. ഇതിനുശേഷമാണ് തുകവിതരണം താളം തെറ്റിയത്.
താങ്ങുവില വർധന അട്ടിമറിക്കാൻ നീക്കം -നെല്‍ കര്‍ഷക സംരക്ഷണ സമിതി
കോട്ടയം: നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം വരുത്തിയ വർധന സംസ്ഥാനത്തെ കർഷകർക്ക് ലഭ്യമാക്കണമെന്ന് നെല്‍ കര്‍ഷക സംരക്ഷണസമിതി. കേന്ദ്രം വർധിപ്പിച്ച 143 രൂപ കര്‍ഷകര്‍ക്ക് നല്കാതിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിവില്‍ സപ്ലൈസ് മന്ത്രിയുടെ തറവില കൂടുതലാണെന്ന പ്രസ്താവനയെന്ന് യോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം കേന്ദ്രം പ്രഖ്യാപിച്ച 100 രൂപയുടെ വർധനയില്‍ 20 രൂപ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ കര്ഷകന് നല്‍കുന്നുള്ളൂ. കേന്ദ്രത്തില്‍നിന്ന് തുക വാങ്ങുകയും കര്‍ഷകര്‍ക്ക് കൊടുക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച 143 രൂപയുടെ വര്‍ധനയും കൊടുക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്. ഇത് അനീതിയാണ്. നെല്ലിന് ഇപ്പോള്‍ നല്കുന്ന തുക കൂടുതലാണെന്ന പ്രചാരണം നെല്‍ മേഖലയുടെ തകർച്ചക്ക് ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗം സമിതി ചെയര്മാന് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സന്തോഷ് പറമ്പിശ്ശേരി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ അനിയന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍മാരായ എ.കെ. രവീന്ദ്രന്, അഡ്വ. ചെറിയാന് ചാക്കോ, അനൂപ് എസ്. പാലാത്ര, പാപ്പച്ചന് നേരിയംപറമ്പില്‍, വി.കെ. വിജയന്, ജയന് ജോസഫ്, സോണി കളരിക്കല്‍, മണി വാസന് എന്നിവര്‍ സംസാരിച്ചു.
യു.ഡി.എഫ് ഉപവാസം മാറ്റി
കോട്ടയം: നെല്ലിന്റെ വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഏകദിന ഉപവാസ സമരം മാറ്റി. മുഴുവൻ കൃഷിക്കാരുടെയും നെല്ലിന്റെ പണം അഞ്ച് ദിവസത്തിനകം നൽകുമെന്ന വകുപ്പുമന്ത്രിയുടെയും സംസ്ഥാന സർക്കാറിന്റെയും പ്രഖ്യാപനം മാനിച്ചാണ് സമരം മാറ്റിയതെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.