Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:41 AM IST Updated On
date_range 19 May 2022 5:41 AM IST153 വിൽപനകേന്ദ്രങ്ങൾ പരിശോധിച്ചു; നശിപ്പിച്ചത് 312കിലോ പഴകിയ മീന്‍
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനയിൽ ഇതുവരെ കണ്ടെത്തി നശിപ്പിച്ചത് 312കിലോ പഴകിയ മീന്‍. 153 പച്ചമീന്‍ വിൽപന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായി ഐസ് ഉപയോഗിക്കാത്തതിനെതുടർന്ന് അഴുകിയ നിലയിലായിരുന്നു ഇവ. ഏറെനാളത്തെ പഴക്കംമൂലം കേടുവന്ന മത്സ്യങ്ങളും ഇതിലുണ്ടായിരുന്നു. അതേസമയം, അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമുള്ള മീന്‍ എവിടെയും കണ്ടില്ലെന്ന് അധികൃതര്‍ പറയുന്നത്. എന്നാൽ, സാമ്പിൾ പരിശോധനയിലെ പിഴവും വൈകലുമാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്. സാമ്പിളുകൾ ശേഖരിച്ച് അയച്ചതിൽ ചിലതിന്‍റെ പരിശോധനഫലം ലഭിക്കാനുമുണ്ട്. കാസര്‍കോട്ട് ഷവര്‍മ കഴിച്ചതിനുപിന്നാലെ വിദ്യാർഥിനി മരിച്ചത് വൻപരാതികൾക്ക് ഇടയാക്കിയതോടെയാണ് ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന വ്യാപകമാക്കിയത്. 414 പരിശോധനകളാണ് വകുപ്പ് നടത്തിയത്. ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലായിരുന്നു 221 പരിശോധനകള്‍ നടത്തിയത്. ഇതിൽ ഒമ്പത് ഹോട്ടലുകൾ താൽക്കാലികമായി അടച്ചു. ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് ഇവയെല്ലാം അടപ്പിച്ചതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനകളിൽ ഇതുവരെ പിഴയായി 1.24 ലക്ഷം രൂപയാണ് ഈടാക്കിയത്. ഷവര്‍മ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം പരിശോധനകളും ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രങ്ങളിലായിരുന്നു. ഈ പരിശോധനകളില്‍ 58 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 40 ജ്യൂസ് വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ വൃത്തിഹീനമായ സാഹചര്യമുള്‍പ്പെടെയുള്ള കാരണങ്ങളാൽ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മറ്റു പരിശോധനകളില്‍ 28 പാക്കറ്റ് പഴകിയ പാല്‍, 15 കിലോ പഴകിയ പഴവര്‍ഗങ്ങള്‍ എന്നിവയും പിടികൂടി നശിപ്പിച്ചു. പഴവര്‍ഗങ്ങളുടെ 14 സാമ്പിളുകള്‍ വിശദ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വിവിധ ഡിവിഷനുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഭക്ഷണപദാർഥങ്ങളിലെ മാലിന്യം കണ്ടെത്താനുള്ള മൊബൈൽ ഭക്ഷ്യലാബും ജില്ലയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജനങ്ങൾക്ക് പാൽ അടക്കമുള്ളവ പരിശോധിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. വിവിധ ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിലാണ് ലാബ് എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story