കരാറുകാരന് 21 ലക്ഷം കുടിശ്ശിക; നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം മുടങ്ങി
text_fieldsകോട്ടയം: നഗരസഭ പരിധിയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ടാങ്കറുകളിലെ കുടിവെള്ള വിതരണം മുടങ്ങി. ബിൽ പാസാക്കി കിട്ടാത്തതിനാൽ കരാറുകാരൻ വെള്ളം വിതരണം നിർത്തിവെച്ചിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടാണെന്നും പാർട്ട് ബില്ലെങ്കിലും അനുവദിച്ച് തന്നാൽ വെള്ളം വിതരണം ചെയ്യാമെന്നുമാണ് കരാറുകാരൻ പറയുന്നത്. 20.80 ലക്ഷം രൂപയാണ് കരാറുകാരന് വർഷങ്ങളായി കിട്ടാനുള്ള കുടിശ്ശിക. കഴിഞ്ഞ രണ്ടുമാസം വെള്ളം നൽകിയതിന് അഞ്ചുലക്ഷം രൂപയുടെ പാർട്ട് ബിൽ കരാറുകാരൻ മാർച്ച് അവസാനം നൽകിയിരുന്നു.
15 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പണം നൽകാമെന്നും അതുവരെ വെള്ളം വിതരണം ചെയ്യാനുമായിരുന്നു അധികൃതരുടെ നിർദേശം. എന്നാൽ, രണ്ടുദിവസം മുമ്പ് നഗരസഭയിൽ ചെന്നപ്പോൾ സെക്രട്ടറി അവധിയായതിനാൽ ബിൽ പാസാക്കാൻ പറ്റില്ലെന്നാണ് മറുപടി കിട്ടിയത്. 2016-17 വർഷം വെള്ളം വിതരണം ചെയ്തതിന് 10 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസ് നടക്കുകയാണ്. കഴിഞ്ഞ വർഷം വെള്ളം വിതരണം ചെയ്തവകയിൽ എട്ടുലക്ഷം രൂപയാണ് കുടിശ്ശിക. അധികൃതർ തദ്ദേശവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങാതിരുന്നതിനാൽ പണം നൽകാനായിട്ടില്ല. കരാറുകാരൻ തിരുവനന്തപുരത്ത് തദ്ദേശവകുപ്പിൽ ചെന്ന് പണം കിട്ടാൻ അനുമതി വാങ്ങിയെങ്കിലും ഇതുസംബന്ധിച്ച് കത്തയക്കാൻ നഗരസഭ അധികൃതർ തയാറായിട്ടില്ല.
കോവിഡ് സമയത്ത് സി.എഫ്.എൽ.ടി.സിയിൽ വെള്ളം എത്തിച്ചതിന് 2.5 ലക്ഷം രൂപയാണ് കിട്ടാനുള്ളത്. ഇതുസംബന്ധിച്ച ഫയൽ മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ മേശക്കകത്തുവെച്ച് മറന്നു എന്നാണ് പറയുന്നത്. ഇതോടെ ആ വർക്ക് ഓർഡർ റദ്ദായി. 20 ലക്ഷത്തിന്റെയാണ് പുതിയ ക്വട്ടേഷൻ. ദുരന്തനിവാരണ ഫണ്ടിന്റെ ഭാഗമായതിനാൽ പണം തരുന്നതിന് നഗരസഭക്ക് തടസ്സമില്ലെന്നാണ് കരാറുകാരൻ പറയുന്നത്. കുടിവെള്ള വിതരണം മുടങ്ങിയതോടെ കോടിമത, നാട്ടകം, മുപ്പായിക്കാട്, മൂലവട്ടം, തിരുവാതുക്കൽ, കുമാരനല്ലൂർ എന്നിവിടങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലയിടത്തും ജനം കൗൺസിലർമാർക്കു മുന്നിൽ പ്രതിഷേധവുമായെത്തി.
സാമ്പത്തിക ബുദ്ധിമുട്ടിലാണ്
ദിനംപ്രതി 80,000 മുതൽ ഒരു ലക്ഷം ലിറ്റർവരെ വെള്ളം നഗരസഭയിൽ വിതരണം ചെയ്യുന്നുണ്ട്. വാഹനത്തിന്റെ ഡ്രൈവർമാർക്കുള്ള ശമ്പളം, ഇന്ധനച്ചെലവ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ജനറേറ്റർ തുടങ്ങി എല്ലാത്തിനും ചെലവുണ്ട്. ഫിൽറ്ററിങ് യൂനിറ്റിലെ വൈദ്യുതി ചാർജ് തന്നെ ഒരു ലക്ഷത്തിനടുത്ത് വരും. സ്കൂൾ തുറക്കുന്നതിനാൽ ഡ്രൈവർമാർക്ക് ശമ്പളം നൽകാതെ പറ്റില്ല. കൈയിൽനിന്നെടുത്തു കൊടുക്കാൻ ഇല്ലാത്തതുകൊണ്ടാണ് തൽക്കാലം പാർട്ട് ബില്ലെങ്കിലും ആവശ്യപ്പെട്ടത്. അതും തരാൻ തയാറാകുന്നില്ല-കരാറുകാരൻ
ചെയർപേഴ്സന്റെ നിലപാട് നീതീകരിക്കാനാവില്ല
ഇത്രയധികം വരൾച്ച അനുഭവിക്കുന്ന കാലത്ത് കുടിവെള്ളം നിഷേധിക്കുന്ന ചെയർപേഴ്സന്റെ നിലപാട് എന്ത് കാരണം പറഞ്ഞാലും നീതീകരിക്കാനാവില്ല. ജനം പരാതിയുമായി കൗൺസിലർമാരുടെ അടുത്താണ് എത്തുന്നത്. അവരോട് ഞങ്ങൾ എന്ത് മറുപടി പറയും-അഡ്വ. ഷീജ അനിൽ, പ്രതിപക്ഷ നേതാവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.