കോട്ടയം നഗരസഭയിലെ മൂന്നുകോടിയുടെ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
text_fieldsകോട്ടയം: പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി കോട്ടയം നഗരസഭ ജീവനക്കാരൻ മൂന്നുകോടി രൂപയിലധികം തട്ടിയെടുത്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട ഫയലുകൾ കോട്ടയം വെസ്റ്റ് പൊലീസ് ബുധനാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനാണ്.
ഇതനുസരിച്ച് ജില്ല പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കേസ് കൈമാറി ഉത്തരവിടുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസായതിനാൽ വിജിലൻസ് അന്വേഷണമാണ് ഉചിതമെന്ന അഭിപ്രായവും ജില്ല പൊലീസിനുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അടുത്തദിവസം ഇതിൽ തീരുമാനമെടുക്കും. പണം തട്ടിയ നഗരസഭ ക്ലർക്ക് അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നഗരസഭയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.