‘എ’ന്നാൽ സൂക്ഷിച്ചോ ‘ഐ’ തുറക്കുന്നു
text_fieldsകോട്ടയം: കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ കൺതുറക്കുന്നത് 44 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ. പരിശോധനക്ക് ഈ മാസം 20 മുതൽ തുടക്കമിടാൻ കഴിഞ്ഞദിവസം മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതോടെയാണ് മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ച കാമറകൾ ജില്ലയിലും പ്രവർത്തനസജ്ജമാകുന്നത്. നിലവിൽ ജില്ലയിൽ സ്ഥാപിച്ച കാമറകളെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. 20 മുതൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കാകും വാഹന ഉടമകൾക്ക് പിഴ നോട്ടീസ് എത്തിത്തുടങ്ങുക.
ഗതാഗത നിയമലംഘനങ്ങൾ കണ്ടാലുടൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ ചിത്രം പകർത്തും. സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ പ്രവർത്തനത്തെ ബാധിക്കില്ല.
രാത്രിയിലും പകലും ഒരുപോലെ ചിത്രങ്ങളെടുക്കും. സീറ്റ് ബെൽറ്റ് ഇടാത്തവരുടെ മുഖവും നമ്പർ പ്ലേറ്റും ചിത്രങ്ങളിലുണ്ടാകും. ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമറ്റില്ലെങ്കിൽ ഇതും പകർത്തും. നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയക്കും.
നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടീസ് അവിടെനിന്ന് മോട്ടോർ വാഹന വകുപ്പിന്റെ അതത് ജില്ല ഓഫിസിലേക്ക് അയക്കും. തെള്ളകത്താണ് കോട്ടയത്തെ ജില്ല ഓഫിസ്. ഇവിടെനിന്ന് വാഹന ഉടമകൾക്ക് തപാൽവഴി നോട്ടീസ് ലഭിക്കും. പിഴ ഓൺലൈൻ വഴി അടക്കണം. അക്ഷയകേന്ദ്രങ്ങൾ വഴിയും പിഴ അടക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് മാസത്തിന് താഴെ പ്രായമുള്ള കുട്ടികൾ ഒഴികെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമെന്നാണ് കേന്ദ്രനിയമത്തിലെ വ്യവസ്ഥയെങ്കിലും നിലവിൽ നാലുവയസ്സിന് മുകളിലുള്ളവർക്ക് മതിയെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.