സഹകരണ മേഖലയിൽ 46,100 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു –വി.എൻ. വാസവൻ
text_fieldsകോട്ടയം: സഹകരണ മേഖലയിൽ ഒരുവർഷം കൊണ്ട് 46,100 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക് സഹകരണ വകുപ്പ് വഴി ചികിത്സസഹായം ലഭ്യമാക്കുന്ന സഹകാരി സാന്ത്വനം ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ധനസഹായ വിതരണോദ്ഘാടനം ഏറ്റുമാനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നു പതിറ്റാണ്ടിലധികം സഹകാരിയായിരുന്ന എൻ.ഡി. ചാക്കോക്ക് വീട്ടിലെത്തി മന്ത്രി ചികിത്സധനസഹായം കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തോമസ് ചാഴികാടൻ എം.പി സംസാരിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, പി.എസ്. വിനോദ്, അഡീഷനല്‍ രജിസ്ട്രാര്‍ ആർ. ജ്യോതിപ്രസാദ്, ജോയന്‍റ് രജിസ്ട്രാര്‍ എന്‍. അജിത് കുമാര്‍, അസി. രജിസ്ട്രാര്‍ രാജീവ് എം.ജോണ്‍, ഏറ്റുമാനൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് വര്‍ക്കി ജോയി, ബാബു ജോര്‍ജ്, ടി.വി. ബിജോയ് എന്നിവർ സന്നിഹിതരായിരുന്നു.
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ ഉൾപ്പെട്ട സംഘത്തിന്‍റെ ഭരണസമിതിയിൽ രണ്ടുതവണയെങ്കിലും അംഗമായിരിക്കുകയും നിലവിൽ രോഗംമൂലം അവശത അനുഭവിക്കുകയും ചെയ്തവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചികിത്സക്കായി പരമാവധി 50,000 രൂപ വരെയും സഹകാരികൾ മരിച്ചാൽ പരമാവധി 25,000 രൂപ വരെ ആശ്രിതർക്കും ലഭിക്കും. വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.