ഓപറേഷൻ റേസിൽ കുടുങ്ങിയത് 54 പേർ
text_fieldsകോട്ടയം: മത്സരയോട്ടക്കാരെ കണ്ടെത്താനുള്ള 'ഓപറേഷൻ റേസ്' പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ കുടുങ്ങിയത് 54 പേർ. നമ്പർ പ്ലേറ്റ് ഇല്ലാത്ത യാത്ര, ഓൾട്ടർനേഷൻ എന്നീ നിയമലംഘനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇവർക്ക് പിഴചുമത്തി.
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നവർക്ക് 5000 രൂപയാണ് പിഴ. രണ്ടാഴ്ച നീണ്ടുനിന്ന പരിശോധന ബുധനാഴ്ച അവസാനിച്ചു. 'ഓപറേഷൻ റേസ്' പേരിലുള്ള പരിശോധന അവസാനിച്ചെങ്കിലും അമിതവേഗക്കാർക്കെതിരെ നടപടി തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിെൻറ നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചത്.കോട്ടയം എൻഫോഴ്‌സ്മെന്‍റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ആറുപേരടങ്ങുന്ന സംഘമാണ് ജില്ലയിൽ നിയമലംഘകരെ കുടുക്കാൻ രംഗത്തിറങ്ങിയത്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടത്തിയിരുന്നു. റെഡ് ലൈറ്റ് ജമ്പിങ്, അമിതവേഗം, നമ്പർ പ്ലേറ്റ് ഇല്ലാത്തവ, ഓവർടേക്കിങ്, ട്രാഫിക് സിഗന്‌ലിൽ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഓവർടേക്കിങ്, മൊബൈൽ ഫോൺ ഉപയോഗം, റേസിങ്, അപകടകരമായ ഡ്രൈവ്, രൂപമാറ്റം വരുത്തുക എന്നിവയാണ് പരിശോധിച്ചത്.
ജില്ലയിൽ പൊന്തൻപുഴ ഭാഗത്ത് മത്സയോട്ടം നടക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് പലപ്പോഴും പുലർച്ചയായതിനാൽ കണ്ടെത്താൻ കഴിയാറില്ല. ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ ചങ്ങനാശ്ശേരി ബൈപാസിൽ മത്സരയോട്ടം ദുരന്തം വിതച്ചിരുന്നു. മൂന്നുപേരാണ് ഇതിൽ മരിച്ചത്.
ഇതിനുപിന്നാലെ ജില്ലയിൽ മോട്ടോർവാഹനവകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. പിന്നീട് കുറഞ്ഞു. ഇതോടെ വീണ്ടും മത്സരയോട്ടങ്ങൾ സജീവമായിരുന്നു. ഈരയിൽക്കടവ് ബൈപാസ്, പാലാത്ര- ളായിക്കാട് ബൈപാസ്, ഏറ്റുമാനൂർ-മണർകാട് ബൈപാസ് എന്നിവിടങ്ങളിലാണ് അപകടകരമായ രീതിയിൽ റേസിങ് പതിവായി നടക്കാറുള്ളത്.
അമിത വേഗക്കാരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. അമിതവേഗത്തിലും ഗതാഗത നിയമം ലംഘിച്ചും വാഹനമോടിച്ച് സമൂഹമാധ്യമങ്ങളിലും യുട്യൂബിലും 'വൈറലാകാൻ' ശ്രമിക്കുന്നവരെ പിടികൂടാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.