ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് ചെലവഴിച്ചത് 57 ലക്ഷം
text_fieldsകോട്ടയം: ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ല കലക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് ഏകദേശം 57 ലക്ഷം രൂപ ലഭ്യമാക്കിയാണ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യമുള്ള 591 എണ്ണം ഉള്‍പ്പെടെ 756 കിടക്ക ഒരുക്കിയത്. ഈ കേന്ദ്രങ്ങളില്‍ ഇതുവരെ 7500 പേര്‍ക്ക് ശരാശരി 10 ദിവസം ഓക്സിജനോടെ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞു.
കേന്ദ്രീകൃത ഓക്സിജന്‍ ഉള്‍പ്പെടെ പുതിയ സംവിധാനങ്ങള്‍ സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള രണ്ടാംനിര ആശുപത്രികളില്‍തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളുടെ വിപുലീകരണവും സാധ്യമായി.
നിലവില്‍ 23 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററിലായി 2462 കിടക്കയാണുള്ളത്. ഇവയില്‍ 26,000 ലധികം പേര്‍ക്ക് ശരാശരി 10 ദിവസം ചികിത്സ നല്കി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയിലെ 71 ഡൊമിസിലിറി കെയര്‍ സെൻററുകളിലായി 2745 കിടക്കയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീട്ടില്‍ താമസിക്കാന്‍ സൗകര്യമില്ലാത്ത 2500 പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളജില്‍ പി.എം കെയറില്‍നിന്ന് ലഭ്യമാക്കിയ മിനിറ്റില്‍ 2000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാൻറും കോട്ടയം ജില്ല ആശുപത്രിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച മിനിറ്റില്‍ 150 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാൻറും ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ഉപകരിച്ചു.
സി.കെ. ആശ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ മിനിറ്റില്‍ 90 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാൻറ് താലൂക്ക് ആശുപത്രിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനും സഹായകമായി.
പി.എം കെയറില്‍നിന്ന് ലഭിച്ച 1000 ലിറ്റര്‍ ശേഷിയുള്ള മൂന്ന് ഓക്സിജന്‍ പ്ലാൻറ് ഉഴവൂര്‍, പാലാ, ചങ്ങനശ്ശേരി ആശുപത്രികളിലും ഉടന്‍ സജ്ജമാകും.
കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് മുഖേന കോട്ടയം ജില്ല ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് വൈക്കം താലൂക്ക് ആശുപത്രിയിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള പണം വിനിയോഗിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലും ഓക്സിജന്‍ പ്ലാൻറുകള്‍ ഉടന്‍ സജ്ജമാക്കും. ഇവ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളും ഏഴ് സെക്കന്‍ഡ് ലൈന്‍ പരിചരണ കേന്ദ്രങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കുന്ന ഓക്സിജന്‍ കൊണ്ട് പ്രവര്‍ത്തിക്കും.
വീട്ടിലും സി.എഫ്.എല്‍.ടി.സികളിലും ചികിത്സയിലിരിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സംസ്ഥാനത്ത് ആദ്യമായി സി.എഫ്.എല്‍.ടി.സികള്‍ കേന്ദ്രീകരിച്ച് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് മെഷീനുകള്‍ സജ്ജമാക്കിയതും കോട്ടയം ജില്ലയിലായിരുന്നു. സംസ്ഥാനത്തെ ഇത്തരം ആദ്യ ഓക്സിജന്‍ പാര്‍ലര്‍ മണര്‍കാട് സി.എഫ്.എല്‍.ടി.സിയില്‍ േമയ് നാലിന് പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയിലെ ഏഴ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലും 23 സി.എഫ്.എല്‍.ടി.സിയിലും മിനിറ്റില്‍ 10 ലിറ്റര്‍ (93 ശതമാനം) ഓക്സിജന്‍ അന്തരീക്ഷ വായുവില്‍നിന്ന് ലഭ്യമാക്കുന്ന 35 കോണ്സെണ്ട്രേറ്ററുകള് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. 71 ഡൊമിസിലിറി കെയര്‍ സെൻററുകളിലും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഈ സംവിധാനം സജ്ജമാക്കാനും നടപടി പുരോഗമിക്കുകയാണ്.
വാഴൂര്‍ പഞ്ചായത്തില്‍ വാഹനത്തില്‍ ഓക്സിജന്‍ കോണ്സെണ്ട്രേറ്റര് രോഗികളുടെ വീട്ടിലെത്തിച്ച് ചികിത്സ നല്കുന്ന ഓക്സിവാന് സംവിധാനവുമുണ്ട്. ഇത്തരം മൊബൈല്‍ ഓക്സിജന്‍ പാര്‍ലര്‍ പദ്ധതി നടപ്പാക്കാന്‍ തയാറുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഓക്സിജന്‍ കോണ്സെണ്ട്രേറ്ററുകള് ലഭ്യമാക്കാന്‍ കാരിത്താസ് ആശുപത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.