Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:06 AM GMT Updated On
date_range 25 May 2022 12:06 AM GMT5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി വികസന കമീഷണര്‍
text_fieldsbookmark_border
ഇടുക്കി: സാഹസിക പർവതാരോഹണത്തിന്‍റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സമുദ്ര നിരപ്പില്‍നിന്ന് 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ -2 (ഡി.കെ.ഡി -2) അതിസാഹസിക യാത്രക്കൊടുവില്‍ ഈമാസം 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്‍ (എന്‍.ഐ.എം) നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനീയറിങ് കോഴ്സിന്‍റെ ഭാഗമായിരുന്നു ദൗത്യം. ഏറെനാളായുള്ള ആഗ്രഹമാണ് യാഥാര്‍ഥ്യമായതെന്ന് ലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം അർജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. സാഹസിക പര്യവേക്ഷണത്തിന് മുന്നോടിയായി 28 ദിവസം വീതമുള്ള രണ്ടുഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാംഘട്ട പരിശീലനം ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നും രണ്ടാംഘട്ടം ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ (എന്‍.ഐ.എം) നിന്നുമായിരുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരെയാണ് 10 ദിവസത്തെ അവസാനഘട്ട പര്യവേക്ഷണത്തിന് തെരഞ്ഞെടുത്തത്. ഉത്തരകാശിയില്‍നിന്ന് ആരംഭിക്കുന്ന അവസാനഘട്ട പര്യവേക്ഷണം തേല ക്യാമ്പും ഗുജ്ജര്‍ഹട്ടും പിന്നിട്ട് 3800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്‍റെ (എന്‍.ഐ.എം) ബേസ് ക്യാമ്പിലാണ് ആദ്യം എത്തുക. ഇവിടെനിന്ന് 450 മീറ്റര്‍ കൂടി പിന്നിട്ടാല്‍ സമുദ്രനിരപ്പില്‍നിന്ന് 4250 മീറ്റര്‍ ഉയരത്തിലുള്ള അഡ്വാന്‍സ്ഡ് ബേസ് ക്യാമ്പിലെത്തിച്ചേരും. പിന്നീടെത്തിച്ചേരുന്നത് 4800 മീറ്റര്‍ ഉയരത്തിലുള്ള ബേസ് ഒന്നിലാണ്. തുടര്‍ന്ന്, പുലര്‍ച്ച 2.30ന് കൊടുമുടി കീഴടക്കാനുള്ള അവസാനഘട്ട പർവതാരോഹണം ആരംഭിക്കും. രാവിലെ 7.15ന് ലക്ഷ്യസ്ഥാനത്തെത്തി വിജയക്കൊടി നാട്ടി. മസ്സൂറിയിലെ ഐ.എ.എസ് പരിശീലന കാലത്താണ് അർജുൻ പാണ്ഡ്യന് പർവതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. ഒറ്റപ്പാലം സബ് കലക്ടറായിരിക്കെ പാലക്കാട് ജില്ലയിലെ വിവിധ മലകളില്‍ ട്രക്കിങ് നടത്തിയിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചെലവിലാണ് ദ്രൗപദി കാ ദണ്ഡ -2 കൊടുമുടി കീഴടക്കിയത്. എവറസ്റ്റ് ഉള്‍പ്പെടെ കൊടുമുടികൾ കീഴടക്കി ദേശീയപതാക നാട്ടുകയെന്ന സ്വപ്നവുമായാണ് യുവ ഐ.എ.എസ് ഓഫിസറുടെ ജൈത്രയാത്ര. ചിത്രം TDG Arjun pandian: സമുദ്രനിരപ്പില്‍നിന്ന് 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ -2 കീഴടക്കിയ അർജുന്‍ പാണ്ഡ്യന്‍ വിജയക്കൊടി പാറിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story