കോട്ടയം ജില്ല ആശുപത്രിയിൽ മരച്ചില്ലകൾ മുറിക്കാൻ 89,000 രൂപ
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ മരച്ചില്ലകൾ മുറിക്കാൻ കൂലി ഇനത്തിൽ ചെലവാക്കിയത് 89,000 രൂപ. ട്രീ കമ്മിറ്റിയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോ അറിയാതെയാണ് മരച്ചില്ലകൾ മുറിച്ചുമാറ്റിയതും 89,000 രൂപ കൂലി നൽകിയതും. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ വിഷയം വിവാദമായി. അധികൃതരെ അറിയിക്കാതെ ഉദ്യോഗസ്ഥർ മരച്ചില്ല മുറിക്കാൻ ആളെ കണ്ടെത്തിയതും പണം നൽകിയതുമാണ് ആരോപണത്തിന് ഇടയാക്കിയത്.
അടുത്തിടെ കനത്ത മഴയിൽ മരം വീണ് കെട്ടിടത്തിന് കേടുപാട് പറ്റിയതിനെത്തുടർന്ന് മോർച്ചറി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രി വളപ്പിൽ അപകടകരമായ സാഹചര്യത്തിലുള്ള മരങ്ങളുടെ ചില്ലകൾ നീക്കാൻ തീരുമാനിച്ചത്. ട്രീ കമ്മിറ്റിയാണ് എത്ര മരങ്ങളുടെ ചില്ലകൾ മുറിക്കണം, ഇതിനുള്ള കൂലി എന്നിവ നിശ്ചയിക്കേണ്ടത്. ഒരുലക്ഷത്തിനു മുകളിലാണെങ്കിൽ ക്വട്ടേഷൻ വിളിക്കണം. അതിനു താഴെയാണെങ്കിൽ ട്രീ കമ്മിറ്റിയോട് ആലോചിച്ച് തുക നിശ്ചയിച്ച് ആളെ നിയോഗിക്കാം. എന്നാൽ, പണം നൽകിയശേഷം അജണ്ട അംഗീകാരത്തിനു വന്നപ്പോഴാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) അംഗങ്ങൾ അറിയുന്നത്. മാത്രമല്ല, എത്ര മരങ്ങളുടെ ചില്ലകൾ മുറിച്ചെന്ന വിവരമില്ല.
16 മരങ്ങളുടെ ചില്ലകൾ മുറിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പങ്കെടുത്ത യോഗത്തിൽ ഒരംഗം ആരോപിച്ചു. എച്ച്.എം.സി ഫണ്ടിൽനിന്നാണ് പണം നൽകേണ്ടത്. ഉദ്യോഗസ്ഥരുടെ ഇത്തരം ഏകപക്ഷീയ നടപടികൾ അനുവദിക്കാനാവില്ലെന്നും ഇനി ആവർത്തിക്കരുതെന്നും അംഗങ്ങൾ താക്കീത് നൽകി. ട്രീ കമ്മിറ്റിയുടെയും എച്ച്.എം.സിയുടെയും അനുമതി വാങ്ങണമെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. കാലങ്ങളായുള്ള നടപടിക്രമങ്ങൾ അറിയില്ലെന്നു പറയുന്നത് അഴിമതിക്ക് കളമൊരുക്കാനാണെന്നാണ് ആക്ഷേപം. ദിനംപ്രതി ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന സ്ഥലമാണ് ആശുപത്രി. കോട്ടയം നഗരസഭയിൽ ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയ സാഹചര്യം ജനറൽ ആശുപത്രിയിലുണ്ടാകരുതെന്നും എച്ച്.എം.സി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.