വ്യാജരേഖ ചമച്ച് പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്
text_fieldsകോട്ടയം: വ്യാജരേഖ ചമച്ച് പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ ബാർ അസോസിയേഷന്റെ പ്രതിഷേധം.
വ്യാഴാഴ്ച ജില്ല ആസ്ഥാനത്തെ കോടതികളിൽ നിന്ന് അഭിഭാഷകർ വിട്ടുനിന്നാണ് പ്രതിഷേധിച്ചത്. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ പ്രകടനവും നടത്തി.
അഡ്വ.എം.പി. നവാബിനെ രണ്ടാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. 2013ൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, വ്യാജമായി കരമടച്ച രസീതുണ്ടാക്കി കോടതിയിൽനിന്ന് ജാമ്യം നേടുകയായിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽപോയി. ഇതോടെ പ്രതിക്ക് ജാമ്യംനിന്നവരെ കോടതി വിളിച്ചുവരുത്തി.
ഇതിലൊരാൾ താൻ ജാമ്യം നിന്നിട്ടില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാമ്യത്തിനായി കോടതിയിൽ സമർപ്പിച്ച കരമടച്ച രസീത് വ്യാജമാണെന്ന് കണ്ടെത്തി.
അതോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ശിരസ്തദാർ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കും ഹാജരായ അഭിഭാഷകനുമെതിരെ കേസെടുത്തത്. പ്രതി പരിചയപ്പെടുത്തുന്നയാളെ ജാമ്യക്കാരനെന്ന് അഭിഭാഷകൻ കോടതിയിൽ സാക്ഷ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ബാർ അസോസിയേഷൻ പറയുന്നു.
ഇത്തരം സംഭവങ്ങളിൽ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അഡ്വ. നവാബ് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ നടപടി പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കോടതി ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. മുങ്ങിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.