കാഴ്ച വിരുന്നൊരുക്കി ഘോഷയാത്ര
text_fieldsകോട്ടയം: കേരളത്തിന്റെ സാംസ്കാരത്തനിമയും പ്രൗഢിയും സമന്വയിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. ‘എന്റെ കേരളം പ്രദർശന വിപണന’ മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരളത്തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യആകർഷണമായി.
സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ കുട്ടികളുടെ റോളർ സ്കേറ്റിങ്, ബാൻഡ് മേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയായി. സഹകരണ വകുപ്പിന്റെ റാലിയാണ് ആദ്യം കടന്നുപോയത്. സഹകരണ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികളായ സഹകാരി സാന്ത്വനം, റിസ്ക് ഫണ്ട് പദ്ധതി, സ്നേഹതീരം എന്നിവയുടെ പ്രാധാന്യം രേഖപ്പെടുത്തിയ പ്രചാരണ വാഹനം റാലിയെ അനുഗമിച്ചു. 11 സർവിസ് സഹകരണ ബാങ്കുകളും പിന്നിൽ അണിനിരന്നു. കാർഷികവകുപ്പിന്റെ ഏറ്റവും വലിയ നേട്ടമായ ഞങ്ങളും കൃഷിയിലേക്ക് എന്ന ബാനറിന്റെ അകമ്പടിയോടെ കൃഷി രീതികൾ കാണിച്ചുതരുന്ന ഫ്ലോട്ടും ഘോഷയാത്രയുടെ ഭാഗമായി. പങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായത് തദ്ദേശവകുപ്പിന്റെ ഘോഷയാത്രയാണ്.
ജില്ലയിലെ മുഴുവൻപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. റോഡ് സുരക്ഷയെ പ്രതിപാദിക്കുന്ന പ്ലോട്ടുകൾ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ വിളിച്ചോതി 32 വകുപ്പുകളാണ് ഘോഷയാത്രയിൽ അണിനിരന്നത്. ഉച്ചക്ക് രണ്ടിന് തിരുനക്കര മൈതാനത്തു നിന്നാരംഭിച്ച ജാഥ നാലിന് നാഗമ്പടം മൈതാനത്ത് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.