പുലിക്ക് പിന്നാലെ കാട്ടാനക്കൂട്ടം
text_fieldsകീരിത്തോട്ടിൽ കൃഷി നശിപ്പിച്ചുഎരുമേലി: പഞ്ചായത്തിന്റെ കിഴക്കൻ വനാതിർത്തി മേഖലയായ കീരിത്തോട്ടിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. പുലിപ്പേടിയിൽ കഴിയുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ശല്യം.
ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് മാറ്റി. ഇതിനിടെ ആനക്കൂട്ടം നിരവധി വാഴ, തെങ്ങ്, കവുങ്ങ്, കയ്യാല എന്നിവ നശിപ്പിച്ചു. പൂവത്തുങ്കൽ കുര്യൻ, ഇല്ലിക്കൽ രാജപ്പൻ, വെച്ചുപടിഞ്ഞാറേതിൽ വി.സി ജോസഫ്, നരിയാനിക്കൽ രാജൻകുട്ടി, മഞ്ചക്കുഴിയിൽ പ്രദീപ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.
വനം വകുപ്പ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സോളാർ വേലി പ്രവർത്തന രഹിതമാണെന്നും ഇവ അറ്റകുറ്റപ്പണി നടത്താത്തതാണ് വന്യ മൃഗങ്ങൾക്ക് നാട്ടിലെത്താൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം മൂക്കൻപെട്ടിയിലെആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നിരുന്നു. പുലിയാണ് ആടിനെ കൊന്നതെന്നും പ്രദേശവാസികളിൽ ചിലർ പുലിയെ കണ്ടതായും പറഞ്ഞിരുന്നു. തുടർന്ന് വനപാലകർ കാമറ സ്ഥാപിച്ചിട്ടുമുണ്ട്.
വനം വകുപ്പ് അടിയന്തരമായി സോളാർ വേലി പ്രവർത്തിപ്പിക്കണമെന്നും, കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.