വീട്ടുവളപ്പിൽ കിളികൾക്ക് കൂടൊരുക്കി പ്രകൃതിസ്നേഹി
text_fieldsവാഴൂർ: താമസം വാടകവീട്ടിലാണെങ്കിലും ആവാസവ്യവസ്ഥക്ക് അനുയോജ്യമായി വീട്ടുവളപ്പിൽ കിളികൾക്ക് കൂടും വെള്ളവും ഒരുക്കുകയാണ് എം.എൻ. സുരേഷ് കുമാർ എന്ന പരിസ്ഥിതി പ്രവർത്തകൻ. വീട്ടുവളപ്പിൽ കിളികൾക്കായി നിരവധി കൂട് തീർത്താണ് ഇദ്ദേഹം വ്യത്യസ്തനാകുന്നത്. കൂരോപ്പട മാടപ്പാട്ട് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന സുരേഷ് കുമാറിന് ആശാരിപ്പണിയാണ് ജോലി. പണികൾക്കിടെ മിച്ചംവരുന്ന മരക്കഷണങ്ങൾ കൊണ്ടാണ് കിളികൾക്കായി കൂടുകൾ തീർത്തിരിക്കുന്നത്. കൂടുകൾക്ക് താഴെയായി മരത്തിൽ വെച്ചുകെട്ടിയ ചിരട്ടയിൽ വെള്ളവും കരുതിയിട്ടുണ്ട്. വേനലിൽ പതിവായി കിളികൾ വെള്ളം കുടിക്കാനെത്തുകയും വിശ്രമ ഇടമായി കൂട് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മരത്തിൽ 12 അടി ഉയരത്തിലെങ്കിലുമുള്ള കൂടുകളേ കിളികൾ താമസിക്കാൻ തെരഞ്ഞെടുക്കാറുള്ളൂ. അതിനാൽ അത്രയും ഉയരത്തിലേക്ക് കൂട് മാറ്റാനുള്ള തയാറെടുപ്പിലാണ് സുരേഷ്. ഇതിനോടകം കിളികൾക്കായി നിരവധി മുളംകൂടുകൾ തയാറാക്കി കോട്ടയത്തും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ കോട്ടയം ഗ്രീൻ കമ്യൂണിറ്റിയുടെ പ്രോഗ്രാം കോഓഡിനേറ്ററും കൂരോപ്പട സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമാണ്. ഭാര്യ ധന്യമോളും മകൻ മാനവും സുരേഷ് കുമാറിന്റെ കിളിക്കൂട് നിർമാണത്തിലും പരിപാലനത്തിലും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.