സൂപ്രണ്ടില്ലാതെ ഒരു വർഷം
text_fieldsകോട്ടയം: ഒരു വർഷത്തിലധികമായി ജില്ല ആശുപത്രി സൂപ്രണ്ട് സ്ഥലം മാറിപ്പോയിട്ട്. പകരം ഇതുവരെ ആളെ നിയമിച്ചിട്ടില്ല. ആശുപത്രിയുടെ മേൽനോട്ടത്തിന് ആളില്ലാത്തതിനാൽ പല വികസനപ്രവൃത്തികളും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. ഒരുവർഷം മുമ്പാണ് സൂപ്രണ്ട് ബിന്ദുകുമാരി എൻ.എച്ച്.എം സംസ്ഥാന പ്രോഗ്രാം മാനേജറായി സ്ഥാനക്കയറ്റം കിട്ടി തിരുവനന്തപുരത്തേക്ക് പോയത്.
220 കോടി കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ പണിയാണ് പ്രധാനമായി മുടങ്ങിയത്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് എന്തുചെയ്യണമെന്ന് തീരുമാനമായെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇ ഹെൽത്ത് സംവിധാനവും ആശുപത്രിയിൽ തുടങ്ങി. ഇതിന് മേൽനോട്ടം വഹിക്കാനും ആളില്ല.
2024ൽ തന്നെ ആരോഗ്യമേഖലയിലെ സർക്കാറിന്റെ പ്രൊജക്ടുകൾ തീർക്കേണ്ടതുണ്ട്. കാലാവധി തീർന്നിട്ടും പല പദ്ധതികളും പാതിവഴിയിലാണ്. സൂപ്രണ്ടിന്റെ അഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.
ജില്ല ആശുപത്രിയിലെ പ്രവർത്തനരഹിതമായ അമ്മത്തൊട്ടിൽ
ഡെപ്യൂട്ടി സൂപ്രണ്ടിന് കൗൺസലിങ്ങിന് പുറമെ വിവിധ ചുമതലകളുണ്ട്. ഇതിനൊപ്പമാണ് പ്രൊജക്ടുകൾ നോക്കേണ്ടതും. ഭരണവിഭാഗത്തിൽ അനുഭവപരിജ്ഞാനമുള്ളവർ ഇല്ലാത്തതും നിലവിൽ പ്രതിസന്ധിക്കിടയാക്കുന്നു. ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളും താളംതെറ്റുകയാണ്.
പൊലീസിനും രക്ഷയില്ല
തുക അനുവദിച്ച് ടെന്ഡർ നടപടി പൂർത്തിയാക്കിയിട്ടും പൊലീസ് എയ്ഡ്പോസ്റ്റിന് കെട്ടിടം പണിയാൻ ആർക്കും താൽപര്യമില്ല. നിലവിൽ കാഷ്വാലിറ്റിയുടെ ഒരു ഭാഗത്താണ് എയ്ഡ്പോസ്റ്റിന് അനുവദിച്ചിട്ടുള്ളത്. ഇവിടെ നിന്നുതിരിയാൻ പോലും ഇടമില്ല. നേരത്തെ ഒരാൾ മാത്രമാണ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്നത്.
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ആശുപത്രികളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ എണ്ണം ആറാക്കി വർധിപ്പിച്ചു. എയ്ഡ്പോസ്റ്റ് കെട്ടിടം പണിയാൻ ഏഴുലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു. കാഷ്വാലിറ്റിയുടെ വലതുഭാഗത്ത് 600 ചതുരശ്ര അടി കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇ ഹെൽത്ത് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഈ സ്ഥലത്ത് എർത്ത്ലൈനുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഈ വയറിങ് സംവിധാനങ്ങൾ മാറ്റിയാലേ കെട്ടിടം പണി ആരംഭിക്കാനാവൂ. അതിനുപോലും അധികൃതർ തയാറായിട്ടില്ല.
താരാട്ടില്ലാതെ അമ്മത്തൊട്ടിൽ
ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. സെൻസർ പ്രവർത്തിക്കാത്തതാണ് തകരാർ. അലാറവും തകരാറിലാണ്. അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമാണെന്ന് നോട്ടീസ് പതിച്ചിരിക്കുകയാണ് അധികൃതർ. സംസ്ഥാനത്തൊട്ടാകെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന വാർത്തകൾ ഒട്ടേറെ എത്തുമ്പോഴും ഇവിടെ കുലുക്കമില്ല.
ജില്ല ശിശുക്ഷേമസമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. എല്ലാ ജില്ലകളിലും പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക സാങ്കേതികവിദ്യകളോടെയുള്ള അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് പഴയത് നന്നാക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
ശിശുക്ഷേമസമിതിയും ജില്ല പഞ്ചായത്തും സഹകരിച്ച് പണം അനുവദിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. 2009ലാണ് ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. പുതിയ അമ്മത്തൊട്ടിൽ വരുമ്പോൾ ഇടക്കിടെയുള്ള തകരാർ ഒഴിവാകുമെന്നത് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
നാളെ- വേണം കാത്ത്ലാബും പേവാർഡും
തുടരും....

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.