നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകൽ; മെഡി. കോളജ് അധികൃതരെ മുൾമുനയിൽ നിർത്തി ഒരു മണിക്കൂർ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനകോളജി വിഭാഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരുമണിക്കൂർ നേരം മെഡിക്കൽ കോളജ് അധികൃതർ ആശങ്കയിലായി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്നറിഞ്ഞ ഉടൻ പൊലീസ് ആശുപത്രിയിലെത്തി. പിന്നാലെ ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിനും സ്ഥലത്തെത്തി. ഈ സമയം മറ്റുള്ള വാർഡുകളിൽനിന്നുള്ളവരടക്കം എത്തിയതോടെ ആശുപത്രി പരിസരം വൻ ജനക്കൂട്ടമായി. പൊലീസ് സി.സി ടി.വി പരിശോധന നടത്തിയപ്പോൾ, ഓവർകോട്ട് ഇട്ട യുവതി കൈക്കുഞ്ഞുമായി ആശുപത്രിയുടെ വെളിയിലേക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടു.
ഉടൻ പൊലീസ്, കൈക്കുഞ്ഞുമായി സ്ത്രീ വന്നാൽ വിവരം നൽകണമെന്ന് ആശുപത്രിക്കുസമീപത്തുള്ള ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് നിർദേശം നൽകി. ഇതിനിടയിലാണ് നീതു താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് വിളിയെത്തിയത്. പരിസരത്തുതന്നെ ഉണ്ടായിരുന്ന എസ്.എച്ച്. ഒ.കെ. ഷിജി, എസ്.ഐ ടി.എസ്. റെനീഷ് എന്നിവർ ഹോട്ടലിലെത്തി കുഞ്ഞുമായിനിന്ന യുവതിയെ പിടികൂടി.
എസ്.ഐ ശിശുവിനെ യുവതിയുടെ കൈയിൽനിന്ന് വാങ്ങി ഗൈനകോളജിയിലേക്ക്. ഈ സമയം കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളും ഇവരുടെ മാതാപിതാക്കളും അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ആർ.എം.ഒ എത്തി ദമ്പതികളെ ആശ്വസിപ്പിച്ചശേഷം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിനെത്തുടർന്നാണ് ഒരുമണിക്കൂർ സമയത്തെ ആശങ്ക അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.