അഭിലാഷിന് വേണം നാടിന്റെ കരുതൽ; ചികിത്സക്ക് കുടുംബം കനിവുതേടുന്നു
text_fieldsഎലിക്കുളം: ജന്മനാ ശാരീരിക വൈകല്യമുള്ള യുവാവിന്റെ കുടുംബം തുടർചികിത്സക്കും നിത്യവൃത്തിക്കും വകയില്ലാതെ ദുരിതജീവിതത്തിൽ. പിതാവിന്റെയോ മാതാവിന്റെയോ സഹായമില്ലാതെ 30ാം വയസ്സിലും ദൈനംദിന ജീവിതം സാധ്യമല്ലാത്ത അഭിലാഷ് ഉദാരമനസ്കരുടെ കനിവ് തേടുകയാണ്. എലിക്കുളം ആളുറുമ്പ് കവലയിൽ പുത്തൻനടയിൽ സാബുവിന്റെയും ഉഷയുടെയും മകനാണ് അഭിലാഷ്. ഭിന്നശേഷിക്കാരനായ മകന് കൂട്ടായി ഒരാൾ എപ്പോഴും കൂടെ വേണം.
മാതാവ് ഉഷ കൂലിപ്പണിക്കുപോകും. പിതാവ് സാബു മകന് കൂട്ടായുണ്ടാവും. സാബുവും രോഗപീഡകളാൽ വലയുന്നയാളാണ്. മൂന്നര സെന്റിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിലെ ദുരിതത്തിന് അറുതിയുണ്ടാകണമെങ്കിലും അഭിലാഷിന് ചികിത്സ നൽകണമെങ്കിലും ആരെങ്കിലും കനിയണം. വല്ലപ്പോഴും മാത്രമാണ് മരുന്ന് വാങ്ങി നൽകാനാകുന്നത്. ഉഷക്ക് പണിയില്ലെങ്കിൽ വീട് പട്ടിണിയിലാവും. ഉദാരമനസ്സുള്ള നാട്ടുകാർ നൽകുന്ന സഹായം കൊണ്ടാണിപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരുടെ ദുഃസ്ഥിതി കണ്ടറിഞ്ഞ് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെൽവി വിത്സൺ സഹായനിധി സമാഹരിക്കാൻ ശ്രമം തുടങ്ങി. ഫെഡറൽ ബാങ്ക് പൈക ശാഖയിൽ സെൽവിയുടെയും സാബുവിന്റെയും പേരിൽ ജോയന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ-11150100108 018, ഐ.എഫ്.എസ്.സി.കോഡ് -എഫ്.ഡി.ആർ.എൽ.0001115.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.