ചക്കാമ്പുഴ-രാമപുരം റൂട്ടിൽ അപകടം തുടർക്കഥ
text_fieldsപാലാ: പാലാ -ചക്കാമ്പുഴ -രാമപുരം റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് ഇടിച്ച് സാരമായ കേടുപാടുകളോടെ തകർന്നത്. പുലർച്ചെ ഒരുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് അപകടങ്ങൾ സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചിറ്റാറ്റിൽ ഉണ്ടായ അപകടത്തിൽ കർണാടക സ്വദേശികളായ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഭാഗികമായി തകർന്നിരുന്നു.
ഞായറാഴ്ച പുലർച്ചെ ചിറകണ്ടം ഏരിമറ്റം ഏരിമറ്റം കവലക്ക് സമീപം ഉണ്ടായ അപകടത്തിലും കർണാടക സ്വദേശികളായ അയ്യപ്പഭക്തർക്കാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ചക്കാമ്പുഴ ലക്ഷംവീട് ഭാഗത്ത് ഉണ്ടായ അപകടത്തിൽ എ.ഐ.സി.സി പ്രവർത്തകസമിതി അംഗം പി.പി. മോഹനനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് എടുത്തുമാറ്റാൻ താമസിക്കുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. ഡ്രൈവർമാർ ഉറങ്ങിപ്പോയതാണ് മൂന്ന് അപകടങ്ങൾക്കും കാരണമായത്.
ജില്ലയിലെ ഏറ്റവും വാഹനത്തിരക്കുള്ള റൂട്ടുകളിൽ ഒന്നാണ് ചക്കാമ്പുഴ വഴിയുള്ള പാലാ രാമപുരം റോഡ്. മണ്ഡല മകരവിളക്ക് കാലത്ത് പതിനായിരക്കണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് റൂട്ടിലൂടെ കടന്നുപോകുന്നത്. വാഹനങ്ങളുടെ എണ്ണം വർധിച്ചതനുസരിച്ച് റോഡിന് വീതികൂട്ടാനോ റോഡിലുള്ള അശാസ്ത്രീയമായ വളവുകൾ നിവർത്താനോ ഇനിയും കഴിഞ്ഞിട്ടില്ല. 12 വർഷങ്ങൾക്കു മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ ഈ റോഡിൽ പിന്നീട് കാര്യമായ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. റോഡിൽ വളവുകൾ സൂചിപ്പിക്കുന്ന സൂചന ബോർഡുകളോ ബാരിക്കേഡുകളോ ആവശ്യാനുസരണം നിർമിക്കാത്തതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. പൊൻകുന്നം, പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രക്കാരും ഈ വഴിയാണ് എയർപോർട്ട് യാത്രക്കായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഒരു റൂട്ട് കൂടിയാണ് ഇത്. അപകടങ്ങൾ കുറക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.