ഐരാറ്റുനടയിൽ അപകടങ്ങൾ തുടർക്കഥ; റോഡരികുകൾ കാടുമൂടി
text_fieldsകോട്ടയം: കഴിഞ്ഞദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽവീണ് ബസിനടിയിൽപെട്ട് യുവാവ് മരണപ്പെട്ട മണർകാട് ഐരാറ്റുനടയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വാഹനയാത്രികരുടെ കാഴ്ച മറച്ച് മണർകാട് ഐരാറ്റുനടയിലെ റോഡരികുകൾ കാട് മൂടിയതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. വടവാതൂർ മാധവൻപടിക്ക് സമീപമാണ് വളവ് സ്ഥിതിചെയ്യുന്നത്.
അപകടവളവിൽ എതിർദിശയിൽ എത്തുന്ന വാഹനയാത്രികരുടെ കാഴ്ചമറച്ചാണ് കാട് പടർന്നുനിൽക്കുന്നത്. അപകടവളവിൽ വാഹനങ്ങളുടെ അമിതവേഗതമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിവാണ്.
വർഷങ്ങൾക്ക് മുമ്പ് വാഹനം ഇടിച്ചുതകർത്ത വൈദ്യുതി പോസ്റ്റും റോഡിന്റെ ഒരുഭാഗത്ത് കാടുമൂടിയ നിലയിൽ കിടക്കുന്നു. റോഡിന് സമീപത്തെ ഓടക്ക് മൂടിയില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിന്റെ വശങ്ങൾ കാട് പിടിച്ചതിനാൽ രാത്രിയിൽ ഇഴജന്തുശല്യവുമുണ്ട്. കാൽനടക്കാർക്കായി അപകടവളവിൽ നടപ്പാതയുമില്ല. വഴിവിളക്കുകൾ തെളിയാത്തതിനാൽ കാട് മൂടിയ ഭാഗത്ത് വൻതോതിൽ മാലിന്യനിക്ഷേപവുമുണ്ട്. പ്രദേശത്ത് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്. ശബരിമല ദേശീയപാത കൂടിയാണ് ഈ റോഡ്. റോഡിനോട് ചേർന്ന് തരിശുനിലം സ്ഥിതിചെയ്യുന്നതിനാൽ വാഹനങ്ങളിൽ എത്തുന്നവർ ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്.
കാട് മൂടിയ ഭാഗത്ത് അലക്ഷ്യമായി മാലിന്യം കവറുകളിലാക്കി വലിച്ചെറിയുകയാണ് പതിവ്. സ്ട്രീറ്റ് ലൈറ്റുകളുടെയും നിരീക്ഷണ കാമറകളുടെയും അഭാവം മാലിന്യം തള്ളുന്നത് വർധിപ്പിക്കുന്നു. രാത്രിയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുകയും ഇരുചക്രവാഹനയാത്രികരുടെ നേരേ കുരച്ചുചാടിയെത്തുന്നതും പതിവാണ്. റോഡിൽ വഴിവിളക്കുകൾ പുനഃസ്ഥാപിക്കുകയും കാട് നീക്കം ചെയ്യുകയും വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.