മോശം ഭക്ഷണം: ഹോട്ടലുകൾക്ക് ജനുവരിയിൽ 12.69 ലക്ഷം പിഴ
text_fieldsകോട്ടയം: ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കിയതോടെ പിഴയിലും വൻ വർധന. ഈവർഷം ജനുവരിയിൽ മാത്രം ജില്ലയിലെ ഹോട്ടലുകളിൽനിന്ന് പിഴ ഈടാക്കിയത് 12,69,500 രൂപയാണ്. സംക്രാന്തിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ഭക്ഷ്യവിഷബാധയെതുടർന്ന് മരണപ്പെട്ടതോടെ പരിശോധന കർശനമാക്കിയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരിൽ 31.29 ലക്ഷം രൂപ പിഴ ഈടാക്കിയത്. 2016 മുതൽ 2023 ജനുവരി വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് വിവരാവകാശനിയമപ്രകാരം പുറത്തുവന്നത്. 2016-17 സാമ്പത്തികവർഷം 2.13 ലക്ഷവും 2017-18 ൽ 6.04 ലക്ഷവുമാണ് പിഴ. 2018-19 -4.71 ലക്ഷം, 2019-20 -3.52 ലക്ഷം, 2020-21 -17000, 2021-22 -2.02 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ കണക്കുകൾ. 2020-21 സാമ്പത്തികവർഷം കോവിഡായതിനാൽ പരിശോധനകൾ കുത്തനെ കുറഞ്ഞിരുന്നു.
ആയിരത്തിലേറെ ഹോട്ടലുകളിൽനിന്നാണ് ഇക്കാലയളവിൽ പിഴ ഈടാക്കിയത്. പരിശോധനയിൽ ഭൂരിഭാഗം കടകളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസും ഹെൽത്ത് കാർഡും പുതുക്കാതെയുമാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച പല സ്ഥാപനങ്ങളിലും മലിനജലം ഉൾപ്പെടെയുള്ളവ തുറന്ന സ്ഥലത്തേക്ക് തള്ളുന്നതായും കണ്ടെത്തി.
ശുചിത്വമടക്കമുള്ളവയിൽ വൻ വീഴ്ചയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. അതിനിടെ, തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന സുനാമി ഇറച്ചിയുടെ (ചത്ത കോഴിയുടെ ഇറച്ചി) വിൽപന കോട്ടയത്ത് വ്യാപകമെന്ന് ആക്ഷേപവുമുണ്ട്. ചെക്ക് പോസ്റ്റുകളിൽ കോഴ നൽകിയാണ് പരിശോധനയില്ലാതെ ചത്ത കോഴികളെ അതിർത്തി കടത്തുന്നതെന്നും പറയുന്നു. പുലർച്ച കടകളിലെത്തുന്ന വാഹനങ്ങളിൽനിന്ന് ചത്ത കോഴികളെ ഹോട്ടലുകൾക്ക് നൽകും.
ഇവർ പുലർച്ച തന്നെ സുനാമി ഇറച്ചി ഡ്രസ് ചെയ്ത് ഫ്രീസറിലാക്കും. വിലക്കുറവായതിനാൽ സൂനാമി ഇറച്ചി വാങ്ങി ഉപയോഗിക്കുന്ന ചില ഹോട്ടലുകളും ബേക്കറികളും കാറ്ററിങ് സ്ഥാപനങ്ങളുമുണ്ടെന്നാണ് പരാതി. കൊച്ചിയിൽ നിന്നടക്കം നേരത്തേ ഇത്തരത്തിലുള്ള ഇറച്ചിപിടികൂടിയിരുന്നു. കോട്ടയത്തും ഇത്തരത്തിലുള്ള ഇറച്ചി വിൽക്കുന്നതായി പരാതി ഉയർന്നിട്ടും പരിശോധന കാര്യക്ഷമമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പുലർച്ചയായതിനാൽ ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് സൂനാമി ഇറച്ചി ഫ്രീസറുകളിലാക്കുമെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.