നടപ്പാതകൾ കൈയേറുന്നതിനെതിരെ നടപടി വേണം -ജില്ല വികസനസമിതി
text_fieldsകോട്ടയം: റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അപകടകരമായ മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്നും നടപ്പാതകൾ കൈയേറുന്നതിനെതിരേ നടപടി വേണമെന്നും ജില്ല വികസനസമിതി യോഗത്തിൽ ആവശ്യം. ജില്ല ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ വി.വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു.
താലൂക്ക് വികസനസമിതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും കലക്ടർ നിർദേശിച്ചു. താലൂക്ക് സമിതികളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെ താലൂക്ക്തല സമിതികൾ പുന:സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
വിനോദസഞ്ചാരികൾക്കു കൂടി ഉപകാരപ്രദമാകുന്ന തരത്തിൽ കുമരകം-മൂന്നാർ റൂട്ടിൽ റോഡ് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. മഴ കനത്തതോടെ കച്ചവടക്കാർ നടപ്പാതകൾ കൈയേറിയിരിക്കുകയാണെന്നും വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിനെതിരേ കർശന നടപടി സ്വീകരിക്കമെന്നും ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ആവശ്യപ്പെട്ടു.
പഴയ ക്വാറികൾ ഉപക്ഷേിക്കപ്പെട്ട സ്ഥലത്തെ കുളങ്ങളിൽ മുങ്ങിമരണങ്ങളുണ്ടാകുന്നത് പതിവാണെന്ന് ചൂണ്ടിക്കാട്ടിയ ഗവ. ചീഫ് വിപ്പ്, ക്വാറികൾക്ക് ലൈസൻസ് നൽകുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
പൊന്തൻപുഴ വനാതിർത്തിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കു പട്ടയം നൽകുന്നതിനായി ഫീൽഡ് സർവേ നടപടികൾ ആരംഭിച്ചായി ഡോ. എൻ.ജയരാജിനെ യോഗം അറിയിച്ചു. സ്കൂൾ വിട്ടുവരുന്ന സമയത്ത് ബൈക്കുകളിലുള്ള അഭ്യാസങ്ങളുമായി കറങ്ങിനടക്കുന്ന സംഘങ്ങൾക്കെതിരേ രക്ഷാകർത്താക്കളും സ്കൂൾ അധികൃതരും പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരേ കർശന നടപടിയെടുക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
കാട്ടിക്കുന്ന്-തുരുത്തേൽ പാലത്തിന്റെ അനുബന്ധ റോഡിനായുള്ള സർവേ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സി.കെ.ആശ എം.എൽ.എയെ യോഗം അറിയിച്ചു. ടോൾ ചെമ്മനാകരി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലുണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
മറവൻതുരുത്തിലെ ടാങ്കിന്റെ പണികൾ പൂർത്തിയായാൽ വൈക്കം നിയോജകമണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ നൂറുശതമാനവും പൂർത്തീകരിക്കാനാകുമെന്നും യോഗം എം.എൽ.എയെ അറിയിച്ചു. മഴ മാറിയാലുടൻ എം.സി.റോഡിലെ കുഴികളടക്കാൻ നടപടികൾ തുടങ്ങുമെന്ന് ജോബ് മൈക്കിൾ എം.എൽ.എയുടെ ചോദ്യത്തിനു മറുപടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബസ് സ്റ്റാൻഡ് പരിസരത്തും മുസ്ലിംപള്ളി പരിസരത്തും നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ ഇളകികിടക്കുകയാണെന്നും പുനർവിന്യസിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ജോബ് മൈക്കിൾ ആവശ്യപ്പെട്ടു.
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിലെ കുഴികൾ മഴ മാറിയാലുടൻ അടിയന്തിരമായി അടക്കുമെന്നും എം.എൽ.എ പറഞ്ഞു. റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ തടി റോഡരികിൽതന്നെ കൂട്ടിയിടുന്നത് അപകടങ്ങൾക്കു കാരമണാകുമെന്നും ഇത് നീക്കാൻ അടിയന്തിരനടപടി ഉണ്ടാകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
പൂഞ്ഞാർ മണ്ഡലത്തിൽ വന്യമൃഗശല്യം ചെറുക്കുന്നതിന് ഹാങ്ങിങ് ഫെൻസുകളും കിടങ്ങുകളും നിർമിക്കുന്നതിനുള്ള നടപടി അടിയന്തിരമായി പൂർത്തിയാക്കണമെന്നും ഫെൻസിങ്ങുകൾ സ്ഥാപിക്കുമ്പോൾ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു.
ഹിൽമെൻ സെറ്റിൽമെന്റ് പട്ടയം നൽകുന്നതിനായി എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ ആരംഭിച്ച സ്പെഷൽ തഹസീൽദാരുടെ ഓഫീസ് മുണ്ടക്കയത്തെ ഓഫീസിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സബ് കലക്ടർ ഡി.രഞ്ജിത്ത്, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ബീന പി.ആനന്ദ്, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ പി.എ.അമാനത്ത്, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.