ആക്ടീവായി സർപ്പ ആപ്പ്: മാളത്തിലേക്ക് അയക്കാം പാമ്പുകളെ...
text_fieldsകോട്ടയം: ചൂട് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ പാമ്പുകളുടെ ശല്യവും രൂക്ഷമാകുന്ന അവസ്ഥയാണ്. തണുപ്പും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് പലപ്പോഴും ജനവാസ മേഖലയിലേക്ക് വിഷപ്പാമ്പുകളെ എത്തിക്കുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം ഏറുന്നത്. അവയുടെ ഇണചേരൽ നടക്കുന്ന സമയമാണിത്.
ജില്ലയിൽ പാമ്പിനെ പിടിക്കുന്നതിനായി സർപ്പ് ആപ്പ് മുഖേന 43 സ്നേക് റെസ്ക്യൂ ടീം പ്രവർത്തിക്കുന്നുണ്ട്. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 2021 ജനുവരിയിൽ പാമ്പിനെ ശാസ്ത്രീയമായി പിടികൂടുന്നതിനായി പരിശീലനം നേടിയ ലൈസൻസ് നേടിയ വിദഗ്ധരെ ഉൾപ്പെടുത്തി 'സർപ്പ' എന്ന ആപ്പ് ആവിഷ്കരിച്ചത്. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിട്ടുണ്ട്. പൊതുഇടങ്ങളിൽ കാണുന്ന പാമ്പുകളിൽ ഭൂരിഭാഗത്തെയും കൊല്ലുന്ന സ്ഥിതിയാണിപ്പോഴുള്ളത്. പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് വനംവകുപ്പിന്റെ നടപടി.
സർപ്പ ആപ്പ് പ്രവർത്തനം
പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ട് ആരെയും ഫോണിൽ വിളിക്കുകയോ പരാതി പറയുകയോ വേണ്ട. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനംവകുപ്പിന്റെ ഈ ആപ്പിൽ നൽകാം. പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം. സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്ക്യൂവർ സ്ഥലത്തെത്തുക. ജി.പി.എസ് മുഖേനയാണ് പ്രവർത്തനം. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയക്കുന്നത് വരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും. ജില്ല കോഓഡിനേറ്ററും ഫോറസ്റ്റ് വാച്ചറുമായ അബീഷിന്റെ നേതൃത്വത്തിൽ ലൈസൻസോടെ 43 റെസ്ക്യൂവർ നിലവിലുണ്ട്. ഇതിൽ 24 പേർ പൊതുജനങ്ങളാണ്. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവറാണ് സ്നേക്ക് റെസ്ക്യൂവർ പരിശീലനം നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫിസർ. സംസ്ഥാനമൊട്ടാകെ 925 ഓളം റെസ്ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്. പ്ലേസ്റ്റോറിൽനിന്ന് സർപ്പ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ആർക്കും പാമ്പുസംരക്ഷണത്തിൽ പങ്കാളിയാകാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
തണുപ്പ് തേടിവരുന്ന പാമ്പുകൾ വീടുകളുടെ പരിസരങ്ങളിൽതന്നെ പതുങ്ങിയിരിക്കാൻ സാധ്യത ഏറെയാണ്. തേങ്ങാതൊണ്ടുകൾ, വിറക്, കരിയിലകൾ എന്നിവ കൂട്ടിയിടാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. എലി, തവള, അരണകൾ പോലുള്ള ഇരകളെ തേടി പാമ്പുകൾ വരാൻ സാധ്യതയുണ്ട്. വീടിനടുത്തുള്ള മാളങ്ങൾ പോലെ ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള പൊത്തുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. വെളുത്തുള്ളി തളിച്ചാൽ പാമ്പ് വരില്ല എന്നൊരു മിഥ്യാധാരണയുണ്ട്. പാമ്പുകൾക്ക് ഗന്ധം അറിയുന്നതിനുള്ള കഴിവില്ല. മണ്ണെണ്ണ പാമ്പിന്റെ ശരീരത്തിൽ തളിച്ചാൽ അതിന്റെ ശരീരമുരുകി ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകൾ പ്രകോപിതരാകുന്നതിനാലാണ് ആക്രമണസ്വഭാവം കാണിക്കുന്നത്. കൂടുതൽ പ്രകോപിതരാകുന്ന സമയത്ത് സാധാരണ പുറപ്പെടുവിക്കുന്നതിനെക്കാൾ ഇരട്ടി വിഷം ഇരയിലേക്ക് പ്രയോഗിക്കുന്നു. മരണസമയം കൂടുതൽ നേരത്തെയാകാൻ ഇത് കാരണമാകുന്നു. അതിനാൽ അവയിൽനിന്ന് അകലം പാലിക്കുകയും ഉടൻതന്നെ വനപാലകരെ വിവരമറിയിക്കുകയും ചെയ്യുക.
ശാസ്ത്രീയമായ പാമ്പ് പിടിത്തം
സ്നേക്ക് ഹുക്ക്, ബാഗ്, പൈപ്പ്, ഷൂ, ഗംബൂട്ട്, ഗ്ലൗസ് എന്നിവയാണ് പ്രധാന സുരക്ഷ ഉപകരണങ്ങൾ. ഹുക്ക് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടേണ്ടത്. റെസ്ക്യൂവർ പാമ്പിനെ പിടികൂടുന്നതിന് മുമ്പ് കൃത്രിമമായി മാളം ഒരുക്കും.
ഇതിനുശേഷം ഹുക്ക് ഉപയോഗിച്ച് പാമ്പിനെ മാളത്തിലേക്ക് എത്തിക്കും. ഇതിനുശേഷം മാളത്തിൽനിന്ന് ഹുക്ക് ഉപയോഗിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങളിൽ പിടിക്കുമ്പോൾ ആന്തരികാവയവങ്ങൾക്ക് പരുക്ക് സംഭവിക്കുന്നതിനാൽ, പാമ്പിന്റെ വാൽ ഭാഗത്താണ് പിടിക്കേണ്ടത്. പാമ്പ് പ്രകോപിതമാകാതിരിക്കാൻ പാമ്പുമായി നേരിട്ട് ശരീരവുമായി അടുപ്പിക്കുകയോ പ്രദർശിപ്പിക്കാനും പാടില്ല. ആൾക്കൂട്ടവും ബഹളവും ഉണ്ടാകാൻ പാടില്ല. ഇവയെ വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിലേക്കും വിഷമുള്ളവയെ പാറമ്പുഴ ഫോറസ്റ്റ് ഡിപ്പോയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ജില്ലയിൽ ഡിസംബറിൽ 40, ജനുവരിയിൽ 76 എന്നിങ്ങനെ പാമ്പുകളെ പിടികൂടി.
നിരവധിപേർ ദിനംപ്രതി പാമ്പിനെ പിടികൂടുന്നതിനായി ആപ്പ് ഉപയോഗിച്ച് സഹായം അഭ്യർഥിക്കുന്നുണ്ട്. ലഭിക്കുന്ന സ്ഥലങ്ങളിൽ റെസ്ക്യൂവർമാർ എത്തുന്നുണ്ടോയെന്നും അവയെ കൃത്യമായി റിലീസ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ട്. ശാസ്ത്രീയമായി ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടിയാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
അബീഷ്, സ്നേക്ക് റെസ്ക്യൂ ജില്ല കോഓഡിനേറ്റർസുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ലൈസൻസുള്ള റെസ്ക്യൂവർമാർ പാമ്പിനെ പിടിക്കില്ല. ജി.പി.എസ് സംവിധാനം മുഖേന പ്രവർത്തിക്കുന്നതിനാൽ, അതത് സ്ഥലങ്ങളിൽ റെസ്ക്യൂവർമാക്ക് എത്താൻ സാധിക്കില്ലെങ്കിലും മറ്റ് റെസ്ക്യൂവർക്ക് ലൊക്കേഷനിൽ എത്തിച്ചെന്ന് പാമ്പിനെ പിടികൂടാൻ സാധിക്കും.
മുഹമ്മദ് ഷെഫി റെസ്ക്യൂവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.