സഹകരണ സ്ഥാപനമെന്ന പേരിൽ പ്രവർത്തനം; വകുപ്പ് ഉദ്യോഗസ്ഥർ എത്തി പൂട്ടിച്ചു
text_fieldsകോട്ടയം: സഹകരണ സ്ഥാപനമെന്ന പേരിൽ കോട്ടയം കാരാപ്പുഴയിൽ അനധികൃതമായി പ്രവർത്തിച്ച ഓഫിസ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചു. എൻ.ആർ.ഐ ആൻഡ് ആർ.ഐ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി എന്നപേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിെൻറ ഓഫിസാണ് സഹകരണവകുപ്പ് ജോയൻറ് രജിസ്ട്രാർ എസ്. ജയശ്രീയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പൊലീസ് സാന്നിധ്യത്തിൽ അടപ്പിച്ചത്.
15ഓളം ജീവനക്കാരെ ലക്ഷങ്ങൾ കോഴവാങ്ങി ഇവിടെ നിയമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രി വി.എൻ. വാസവെൻറ നിർദേശത്തെ തുടർന്ന് സഹകരണവകുപ്പും വിശദ അന്വേഷണം ആരംഭിച്ചു.
ഇതേപേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കോട്ടയത്ത് പ്രവർത്തിക്കാൻ അനുമതിയില്ല. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് നേരിട്ട് ജോയൻറ് രജിസ്ട്രാർ ഓഫിസിലെത്തിയത്. സഹകരണ ചട്ടങ്ങളൊന്നും പാലിക്കാതെ നിക്ഷേപം സ്വീകരിക്കലും മറ്റ് സാമ്പത്തിക ഇടപാടുകളും ഇവിടെ നടക്കുന്നതായി പരിശോധനയിൽ വ്യക്തമായി. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സഹകരണ വകുപ്പിെൻറ സ്ഥാപനമെന്ന രേഖപ്പെടുത്തിയിട്ടുമുണ്ട്.
ജോയൻറ് രജിസ്ട്രാർ ജീവനക്കാരുടെ ഹാജർ പരിശോധിച്ചതിൽനിന്ന് സ്ഥാപനം 2020 ജൂൺ മുതൽ കോട്ടയത്തുണ്ടെന്ന് വ്യക്തമായി. ജീവനക്കാരിൽനിന്ന് രണ്ടുമുതൽ നാലുലക്ഷം വരെ രൂപ വാങ്ങിയാണ് നിയമനം നടത്തിയതെന്നും പറയപ്പെടുന്നു.
ചൊവ്വാഴ്ച പുതിയ ജീവനക്കാരുടെ ഇൻറർവ്യൂ നടക്കാനിരിക്കുകയായിരുന്നുവെന്ന് സഹകരണവകുപ്പ് ജീവനക്കാർ അറിയിച്ചു. വിവിധ ഫയലുകൾ ഇവർ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.