കൊക്കയാർ പാലം പുനർനിർമാണത്തിന് ഭരണാനുമതി
text_fieldsകൊക്കയാർ: 2021ലെ പ്രകൃതിക്ഷോഭത്തിൽ തകർന്ന കൊക്കയാർ പാലം പുനർനിർമിക്കാൻ ഭരണാനുമതിയായി. കൊക്കയാർ- വെംബ്ലി റോഡിലെ പാലം 4.56 കോടി രൂപ ചെലവിൽ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പദ്ധതിക്കാണ് അംഗീകാരമായത്. 2021 ഒക്ടോബർ 16നുണ്ടായ ഉരുൾപൊട്ടലിൽ ഏഴുപേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത പ്രദേശമാണ് കൊക്കയാർ.
കൊക്കയാർ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പേർക്കും മുണ്ടക്കയം, കോട്ടയം മേഖലകളുമായി ബന്ധപ്പെടാനുള്ള പ്രധാന ആശ്രയമാണ് ഈ പാലം. പാലം തകർന്ന് യാത്ര ദുരിതമായതോടെ നാട്ടുകാർ ധനസമാഹരണം നടത്തി താൽക്കാലിക പാലം നിർമിച്ചു. സർവിസ് നടത്തുന്ന ഏക സ്വകാര്യ ബസും സ്കൂൾ ബസുകളുമടക്കം യാത്ര പുനരാരംഭിച്ചെങ്കിലും ഭാരവണ്ടികൾ പാലത്തിലൂടെ കയറുന്നത് നിരോധിച്ചിരിക്കുകയാണ്.
കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലും നിർമിക്കേണ്ടതുണ്ട്. അധികാരികളുടെ അവഗണനയെ തുടർന്ന് പ്രദേശവാസികൾ ഹൈകോടതിയെ സമീപിക്കുകയും അടിയന്തരമായി പാലം നിർമിക്കാൻ കോടതി നിർദേശം നൽകുകയും ചെയ്തുവെങ്കിലും പണമില്ലെന്ന പേരിൽ നടപടികളില്ലാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.