ഉഴവൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
text_fieldsകോട്ടയം: ഉഴവൂർ പഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളിലെ എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് കൊന്ന് സംസ്കരിച്ചു.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊല്ലുന്നത് പുരോഗമിക്കുകയാണ്. പ്രദേശത്തെ 66 പന്നികളെയാണ് സംസ്കരിക്കുന്നത്.
ഫാമുകളും പരിസരവും അണുമുക്തമാക്കും. തിങ്കളാഴ്ച രാത്രിയോടെ നടപടി പൂർത്തീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.
ചീഫ് വെറ്ററിനറി ഓഫിസർ ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമസേനയാണ് പ്രവർത്തനം നടത്തുന്നത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടി ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നി മാംസം വിതരണം, ഇവ വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവെച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവെക്കാനും ഉത്തരവായി.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽനിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, തദ്ദേശസ്വയം ഭരണസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേന രൂപവത്കരിച്ചു.
ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫിസർമാർക്ക് നിർദേശം നൽകിയതായി കലക്ടർ പറഞ്ഞു.
കരൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂർ, രാമപുരം, മുളക്കുളം, കടപ്ലാമറ്റം, വെളിയന്നൂർ എന്നീ പഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.