വീണ്ടും ‘ആദിത്യ’; നാല് സൗരോർജ ബോട്ടുകൾ വരുന്നു
text_fieldsകോട്ടയം: രാജ്യത്തെ ആദ്യ സൗരോർജ ബോട്ടായ ‘ആദിത്യ’ക്ക് പിൻഗാമികളായി നാലെണ്ണം കൂടി എത്തുന്നു. ‘ആദിത്യ’ സീരീസിലെത്തുന്ന ഈ ബോട്ടുകളിൽ ആദ്യത്തേത് ഒക്ടോബർ അവസാനം നീറ്റിലിറക്കും.
ഈ വർഷം അവസാനത്തോടെ മറ്റ് ബോട്ടുകളുടെ നിർമാണവും പൂർത്തിയാകും. 75 പേർക്ക് യാത്ര ചെയ്യാവുന്ന 21 മീ. നീളവും ഏഴ് മീ. വീതിയുമുള്ള ബോട്ടാണ് ആദ്യമെത്തുന്നത്. ജലഗതാഗത വകുപ്പിനായി മൂന്നുകോടി ചെലവിൽ അരൂരിലെ സ്വകാര്യ കമ്പനിയാണ് നിർമിക്കുന്നത്. നിലവിലുള്ള ‘ആദിത്യ’യേക്കാൾ രൂപത്തിൽ ചെറിയ മാറ്റവുമായി ക്രൂയിസർ മാതൃകയിലാകും പുതിയ ബോട്ട്.
ഒറ്റ ചാർജിങ്ങിൽ എട്ടുമണിക്കൂറിലധികം സർവിസ് നടത്താം. ബാറ്ററിയുടെ ആയുസ്സ് ഏഴുവർഷമാണ് കണക്കാക്കുന്നത്. സൗരോർജം കുറവുള്ള സമയത്ത് വൈദ്യുതി ചാർജ് ചെയ്തും പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനം.
ബോട്ട് പരീക്ഷണയോട്ടം നടത്തിയശേഷമായിരിക്കും റൂട്ട് തീരുമാനിക്കുക. ആലപ്പുഴ, കോട്ടയം ജില്ലകളിലെ തിരക്കേറിയ റൂട്ടിൽ ബോട്ടുകൾ ഓടിക്കാനാണ് ആലോചനയെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.
നേരത്തേ, ജലഗതാഗത വകുപ്പിന്റെ പകുതിയോളം ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിലൂടെ ചെലവ് മൂന്നിലൊന്നായി കുറക്കാൻ കഴിയുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ കൂടുതൽ സൗരോർജ ബോട്ടുകൾ പുറത്തിറക്കും.
ഇതിനൊപ്പം ജലഗതാഗത വകുപ്പിനായി രണ്ട് എ.സി പാസഞ്ചർ ബോട്ടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഇതിലൊന്ന് വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിട്ട് കോട്ടയം- ആലപ്പുഴ റൂട്ടിൽ സർവിസ് നടത്താനാണ് ആലോചന.
2017 ജനുവരി 12ന് വൈക്കം-തവണക്കടവ് റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ സൗരോർജ ബോട്ട് ‘ആദിത്യ’ ഓടിത്തുടങ്ങിയത്. ഏഴുവർഷമായി സർവിസ് നടത്തുന്ന ആദിത്യ ആദ്യ മൂന്നുവർഷം കൊണ്ട് നിർമാണച്ചെലവ് തിരിച്ചുപിടിച്ചു. സോളാറിലേക്ക് മാറിയപ്പോൾ ചെലവ് 250-300 രൂപയായി കുറഞ്ഞെന്നായിരുന്നു ജലഗതാഗത വകുപ്പിന്റെ കണക്ക്. നേരത്തേ 7000-10,000 രൂപ വരെ ഡീസൽ ഇനത്തിൽ ചെലവായിരുന്നു. അടുത്തിടെ, ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ട് ‘ഇന്ദ്ര’ കൊച്ചി കായലിൽ സർവിസ് തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.