മുങ്ങുന്ന ബോട്ടിനെ രക്ഷിക്കാൻ വീണ്ടും ടെൻഡർ
text_fieldsകോട്ടയം: കൊടൂരാറ്റിൽ മുങ്ങിത്താഴുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അക്ഷര ബോട്ട് ‘രക്ഷിക്കാൻ’ മൂന്നാംശ്രമം. പൊളിച്ചുവിൽക്കാൻ രണ്ട് തവണ ടെൻഡർ നൽകിയിട്ടും ആരുമെത്താത്തതിനാൽ മൂന്നാംതവണയും ഡി.ടി.പി.സി ടെൻഡർ ക്ഷണിച്ചു. 18നാണ് വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. സഞ്ചാരയോഗ്യമല്ലായതിനെ തുടർന്നാണ് ഒമ്പത് ലക്ഷം രൂപയുടെ ബോട്ട് ഡി.ടി.പി.സി ഒഴിവാക്കുന്നത്. ഒരാഴ്ചയായി ബോട്ട് പാതിമുങ്ങിയ നിലയിലാണ്. കോടിമത ജെട്ടിയിൽ മൂന്നുവർഷമായി കെട്ടിയിട്ടിരിക്കുന്ന ബോട്ട് ശക്തമായ കാറ്റിലും മഴയിലും മുമ്പും മുങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
കുമരകം ജലഗതാഗതം ടൂറിസം ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുന്നേ 2009ൽ കോടിമതയിൽ കായൽസവാരിക്ക് തുടക്കം കുറിച്ച ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ബോട്ടാണ് അക്ഷര. ബോട്ടിന്റെ സർവിസ് നിലച്ചിട്ട് മൂന്നുവർഷത്തോളമായി. 2016 വരെ സർവിസ് നടത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയും കാലപ്പഴക്കവും ജലപാതയിൽ പോള തിങ്ങിനിറഞ്ഞതും ബോട്ടിന്റെ പ്രവർത്തനത്തെ ബാധിച്ചു. അറ്റകുറ്റപ്പണിയെ തുടർന്ന് ഭാഗികമായി നിലച്ച സർവിസ് നിരന്തരമായി നിർത്തുകയായിരുന്നു. എറണാകുളത്തെ ഏജൻസി മുഖേനയാണ് ബോട്ട് നിർമിച്ചിട്ടുള്ളത്. സർവിസ് നിലച്ചതിനെ തുടർന്ന് താൽക്കാലിക ബോട്ട് ജീവനക്കാരെയും ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
കാലപ്പഴക്കം നേരിട്ട് ഉപയോഗശൂന്യമായ ബോട്ട് പുനർനിർമിക്കാൻ ആലപ്പുഴയിലെ ഏജൻസിയെ സമീപിച്ചപ്പോൾ അതിനായി 54 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് അവർ അറിയിച്ചത്. ഇത്രയുംതുക നൽകി ബോട്ട് പുനർനിർമിച്ച് തുടർ സർവിസ് ലാഭകരമല്ലെന്നാണ് വകുപ്പിന്റെ വാദം. ഇതോടെ ബോട്ടിനെ ലേലം ചെയ്യാൻ തീരുമാനിച്ചു. അഥവാ പുനർനിർമിച്ചാൽ തന്നെയും മാരിൈട്ടം ബോർഡിന്റെ സർവ്വേ ഉൾപ്പെടെയുള്ള നടപടികളുടെ കടമ്പകൾ പിന്നിട്ട് രണ്ട് വർഷത്തോളമെടുക്കും ബോട്ട് നീരണിയാൻ. ജില്ലയിലെ ടൂറിസം സാധ്യകളെ പ്രോത്സാഹിപ്പിക്കാനായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ലഭിച്ച ശിക്കാരബോട്ടുകൾ വിൽപന കഴിഞ്ഞ് സർവേ നടപടിക്കായുള്ള കാത്തിരിപ്പിലാണ്. മുമ്പ് സ്വകാര്യവ്യക്തികൾക്ക് ലീസിന് നൽകിയിരുന്നു. കോടിമത ബോട്ട് ജെട്ടിയിൽ മഴയും വെയിലും കൊണ്ട് കിടക്കുന്ന ഇവയുടെ അവസ്ഥയും വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.