ഐക്യം തകർക്കുന്ന ഛിദ്രശക്തികൾക്കെതിരെ പോരാടണം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsകോട്ടയം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജീവൻ നൽകിയും പോരാടണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലതല സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ പരേഡിൽ അഭിവാദ്യമർപ്പിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞപ്പോൾ നമ്മുടെ രാജ്യം വളരെയധികം മുന്നേറി. ലോകത്തെ സൂപ്പർ പവർ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി പ്രാപിച്ചു. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയും നമ്മുടെ സ്വാതന്ത്ര്യം അതേപടി നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നമ്മുടെ കടമയാണ്. സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ നാം ഓർക്കണമെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാഴികാടൻ എം.പി, കലക്ടർ വി. വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, എ.സി.പി നകുൽ ദേശ്മുഖ്, അയർക്കുന്നം എസ്.എച്ച്.ഒ അശ്വതി ജിജി (ഐ.പി.എസ് ട്രെയിനി), എ.ഡി.എം റെജി പി. ജോസഫ്, ആർ.ഡി.ഒ വിനോദ് രാജ് എന്നിവർ പങ്കെടുത്തു. കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസറായ ടി. ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്കുള്ള ഒന്നാം സ്ഥാനത്തിന് പൊലീസ് ജില്ല ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്പെക്ടർ എൻ. അനിൽകുമാർ നയിച്ച കേരള സിവിൽ പൊലീസും രണ്ടാംസ്ഥാനം കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നിതിൻ തോമസ് നയിച്ച എക്സൈസും സ്വന്തമാക്കി. എൻ.സി.സി സീനിയർ വിഭാഗത്തിൽ ബസേലിയസ് കോളജ് ഒന്നാം സ്ഥാനവും എം.ഡി സെമിനാരി രണ്ടാം സ്ഥാനവും നേടി.
എൻ.സി.സി ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ (ആൺകുട്ടികൾ) ഒന്നാംസ്ഥാനവും വടവാതൂർ ജവഹർ നവോദയ (പെൺകുട്ടികൾ) രണ്ടാംസ്ഥാനവും നേടി. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് വിഭാഗത്തിൽ ഏറ്റുമാനൂർ ജി.എം.ആർ.എസ് ഒന്നാംസ്ഥാനവും മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ റെഡ്ക്രോസ് വിഭാഗത്തിൽ മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നാം സ്ഥാനവും എം.ഡി സെമിനാരി എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി. സ്കൗട്ട് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി സ്കൂൾ ഒന്നും പള്ളം സി.എം.എസ്.എച്ച്.എസ് രണ്ടാം സ്ഥാനവും നേടി.
ഗൈഡ്സ് വിഭാഗത്തിൽ ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നും മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ബാൻഡ് പ്ലാറ്റൂണുകളിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ എസ്.എഫ്.എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് രണ്ടും സ്ഥാനം നേടി. വിജയികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ ട്രോഫി സമ്മാനിച്ചു. 2022ലെ സായുധസേന പതാക നിധിയിലേക്ക് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാഭ്യാസേതര സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച കോഓപറേറ്റിവ് സൊസൈറ്റീസ് (ജനറൽ) കോട്ടയം ജോയന്റ് രജിസ്ട്രാർ ഓഫിസ് എന്നിവക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.