നാലുമാസത്തെ മഴ; കൃഷിനാശം 30.42 കോടി
text_fieldsകോട്ടയം: മഴയിൽ നാലുമാസത്തിനിടെ ജില്ലയിൽ 30.42 കോടിയുടെ കൃഷിനാശം. വേനൽ മഴയും പിന്നാലെയെത്തിയ കാലവർഷവുമാണ് കാർഷികമേഖലയിൽ വൻനാശം വിതച്ചത്. കാലവർഷമഴയെക്കാൾ ഒപ്പമെത്തിയ ശക്തമായ കാറ്റാണ് കർഷകർക്ക് കണ്ണീർ സമ്മാനിച്ചത്. ഈ മാസം ഇതുവരെ 6.42 കോടിയുടെ കൃഷിനശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. വേനൽ മഴയിൽ 24 കോടിയായിരുന്നു നാശം.
കാലവർഷത്തിൽ പതിവില്ലാത്ത പ്രാദേശിക ചുഴലികൾ വൻ നാശമാണ് കാർഷിക മേഖലയിൽ വിതച്ചത്. വൻ മരങ്ങളടക്കം കഴപുഴകിയ കാറ്റിൽ വൻതോതിൽ വാഴകളും ഒടിഞ്ഞു. കാറ്റിൽ ഒടിയാതിരിക്കാൻ താങ്ങുനൽകിയിരുന്നവയടക്കം നശിച്ചു. അപ്രതീക്ഷിതമായി ശക്തിയേറിയ കാറ്റ് വീശിയതാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു.
26 ഹെക്ടർ സ്ഥലത്തായി മുപ്പതിനായിരത്തോളം വാഴകൾ നശിച്ചതായാണ് കണക്ക്. 541 കർഷകരുടെ വാഴകളാണ് കാറ്റിലും മഴയിലും കടപുഴകിയത്. 1.60 കോടിയാണ് നഷ്ടം കണക്കാക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട ഏത്തവാഴകളാണ് കൂട്ടമായി നശിച്ചത്. വായ്പയെടുത്ത് കൃഷിയിറക്കിയ സാധാരണക്കാരായ കർഷകർക്ക് ഇത് വൻ തിരിച്ചടിയായി
കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കാലവർഷമഴയിൽ 241.51 ഹെക്ടർ സ്ഥലത്തെ 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. കൂടുതലും വാഴയും നെല്ലും. 176 ഹെക്ടർ സ്ഥലത്തെ 137 നെൽ കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്ടമാണുണ്ടായത്. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ നാശം സംഭവിച്ചത്. നെല്ലിനും വാഴക്കും പുറമെ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയവയും നശിച്ചു. പച്ചക്കറിക്ക് മഴ പോറലേൽപ്പിച്ചത് നാടൻ പച്ചക്കറി വിപണിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മീനച്ചിലാർ നിറഞ്ഞൊഴുകിയത് നദിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ പച്ചക്കറി കൃഷികളും നശിക്കാൻ ഇടയാക്കിയിരുന്നു. രാമപുരം മേഖലയിലടക്കം റബർ മഴങ്ങളും വ്യാപകമായി നശിച്ചിരുന്നു. വില ഉയർന്നുനിൽക്കുന്നതിനിടെ, റബർ മരങ്ങൾ കൂട്ടമായി ഒടിഞ്ഞുവീണത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.