കൊച്ചുപള്ളം പാടശേഖരത്തിൽ മടവീണ് വ്യാപക കൃഷിനാശം
text_fieldsകോട്ടയം: പള്ളത്തെ കൊച്ചുപള്ളം പാടശേ ഖരത്തിൽ മട വീണ് വ്യാപക കൃഷിനാശം. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. നഗരസഭ 39ാം വാർഡിലാണ് കൊച്ചുപള്ളം പാടശേഖരം സ്ഥിതിചെയ്യുന്നത്. രാത്രിയുണ്ടായ മഴയിൽ മട തകർന്ന് പള്ളം തോട്ടിൽനിന്ന് പാടശേഖരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ കർഷകരാണ് സംഭവം അറിയുന്നത്. 45ലധികം കർഷകരുടെ 65 ഏക്കറോളം വരുന്ന കൃഷിയാണ് ഒറ്റദിവസം കൊണ്ട് നശിച്ചത്. കഴിഞ്ഞദിവസം ആരംഭിച്ച പുഞ്ചകൃഷി പാടശേഖരത്തിലേക്കാണ് മടപൊട്ടി വെള്ളം ഇരച്ചുകയറിയത്. തോട്ടിലെയും മടയിലെയും വെള്ളം വലിഞ്ഞാൽ മാത്രമേ മട പൂർവസ്ഥിതിയിലാക്കൻ സാധിക്കൂ.
പള്ളത്ത് ബണ്ട് സ്ഥാപിക്കണമെന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ, അധികൃതരോ സർക്കാറോ കർഷരുടെ ആവശ്യം കേട്ട മട്ടില്ലെന്നാണ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഇതിന് മുമ്പും പാടശേഖരത്തിൽ സമാനമായി മട വീണിരുന്നു.
അപ്പോഴും പുതിയ ബണ്ട് എന്ന ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതർ മുഖംതിരിക്കുകയായിരുന്നു. മാത്രമല്ല കൃഷിനാശത്തിന് ആവശ്യമായ നഷ്ടപരിഹാരവും അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരുവർഷം മുമ്പ് മുനിസിപ്പാലിറ്റിയിൽനിന്നും മട സന്ദർശിച്ച് പുതിയത് നിർമിക്കാൻ ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, കോൺട്രാക്ടറുമായുള്ള തർക്കംമൂലം തുക ലാപ്സാവുകയായിരുന്നു.
200 മീറ്റർ കൽ ബണ്ട് കെട്ടിയാൽ പ്രശ്നത്തിന് താൽക്കാലിക ആശ്വാസമുണ്ടാകുമെന്നും കർഷകർ പറയുന്നു. വരുംദിവസങ്ങളിൽ ശക്തമായ തുലാമഴയുടെ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. പള്ളം കൃഷി ഓഫിസർ, വാർഡ് കൗൺസിലർ എന്നിവർ പാടശേഖരം സന്ദർശിച്ചു. നഷ്ടം വിലയിരുത്തി ആവശ്യനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.