കാർഷികമേഖല കുത്തകകൾക്ക് തീറെഴുതാൻ അനുവദിക്കില്ല –മന്ത്രി
text_fieldsകോട്ടയം: കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് മുന്നിൽ അടിയറവെക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ.
തെങ്ങുകൃഷി വ്യാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെച്ചൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യവത്കരണമല്ല സഹകരണവത്കരണമാണ് സംസ്ഥാന സർക്കാർ നയം. കുത്തകകൾക്ക് പകരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ രംഗത്തിറക്കാനാണ് ശ്രമിക്കുന്നത്.
കാർഷികോൽപന്നങ്ങളുടെ സംഭരണം, മൂല്യവർധിത ഉൽപന്ന നിർമാണം, വിപണനം തുടങ്ങിയ മേഖലകളിൽ സംഘങ്ങൾ സജീവ ഇടപെടൽ നടത്തും.
സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ കർഷകർക്ക് സംരക്ഷണ വലയം തീർക്കും -മന്ത്രി പറഞ്ഞു. കൈപ്പുഴ പുത്തൻ കായൽ പ്രദേശത്തെ കർഷകർക്കായി 5000 തെങ്ങിൻതൈകൾ നൽകുന്ന കോക്കനട്ട് കൗൺസിൽ പദ്ധതിയും വിവിധ കാർഷിക പദ്ധതികളുടെ ആനുകൂല്യ വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. മികച്ച കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള പുരസ്കാര ദാനവും നിര്‍വഹിച്ചു.
സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.ആർ. സോണിയ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ. രഞ്ജിത്, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ആത്മ പ്രോജക്ട് ഡയറക്ടർ ഉമ്മൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഷൈലകുമാർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ജോളി ആൻറണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.