ലോക്സഭ ലക്ഷ്യമിട്ട് റബറിനെ ഒപ്പം നിർത്താൻ മത്സരം
text_fieldsകോട്ടയം: കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുന്ന കോട്ടയത്ത് റബറിനെ ഒപ്പം നിർത്താൻ ‘മത്സരം’. റബർ വില ഉന്നയിച്ച് നടത്തിയ ലോങ് മാർച്ചിലൂടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ലോക്സഭ പ്രചാരണത്തിന് അനൗദ്യോഗിക തുടക്കമിട്ടപ്പോൾ, തറവില ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കേരള കോൺഗ്രസ് എമ്മും കർഷകർക്കൊപ്പമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ തുടർച്ചയായ മൂന്നാം ലോക്സഭ തെരഞ്ഞെടുപ്പിലും കോട്ടയം രാഷ്ട്രീയം റബറില്‍ വലിഞ്ഞുമുറുകുമെന്ന് ഉറപ്പായി. ലോക്സഭ ലക്ഷ്യമിട്ട് ഇരു കേരള കോണ്‍ഗ്രസും ‘ഗ്രൗണ്ട് വര്‍ക്കു’കളും ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ റബര്‍ കര്‍ഷകരുള്ളത് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ റബര്‍ വിഷയത്തില്‍ ഊന്നുമ്പോള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ മറ്റിടങ്ങളിൽ പുതുവിഷയങ്ങൾ കളംപിടിക്കും.
മുഖ്യമന്ത്രിയെ കണ്ട് കേരള കോൺഗ്രസ് എം
സീറ്റ് ഉറപ്പിച്ചതോടെ രണ്ടാം ലോക്സഭ മത്സരത്തിനൊരുങ്ങുന്ന തോമസ് ചാഴികാടനും അനൗദ്യോഗികമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. റബര്‍ വിഷയം സജീവ ചര്‍ച്ചയാക്കുന്ന നേതൃത്വം, നവകേരള സദസ്സിലെ എം.പിയുടെ പരാമര്‍ശം നേട്ടമാകുമെന്ന വിലയിരുത്തലിലാണ്.
റബറിനുവേണ്ടി ശക്തമായി വാദിക്കുന്ന ജനപ്രതിനിധിയെന്ന ഇമേജ് നൽകിയാണ് ഇതിനെ പാർട്ടി നേതാക്കൾ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞദിവസം റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ചെയര്മാന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ പിണറായി വിജയനെ കാണുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
ഫണ്ട് വിനിയോഗത്തിലെ പൂര്‍ണത, കോട്ടയം റെയില്‍വേ സ്റ്റേഷന് വികസനം, പാസ്പോര്‍ട്ട് സേവകേന്ദ്രം എന്നിവയും ചാഴികാടൻ സജീവ പ്രചാരണമാക്കുന്നുണ്ട്. നവകേരള സദസ്സോടെ തെരഞ്ഞെടുപ്പിന് സജീവമായെന്ന് സി.പി.എം ജില്ല നേതൃത്വവും വിലയിരുത്തുന്നു. റബർ വില ഇടിവിൽ കേന്ദ്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന ഇവർ, കഴിഞ്ഞ ദിവസം എം.ആര്.എഫിലേക്ക് മാർച്ചും നടത്തി. വെള്ളൂരിലെ റബര്‍ പാര്‍ക്കിലും ഇവർ പ്രതീക്ഷവെക്കുന്നു.
ഇതിനിടെ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. മാസങ്ങള്‍ക്ക് മുമ്പുതന്നെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബി.ജെ.പി, പ്രധാനമന്ത്രിയെ മുന്നിൽ നിർത്തിയാകും രംഗത്തിറങ്ങുക.റബര്‍ ബില്ലും ഇവർ നേട്ടമായി ചൂണ്ടിക്കാട്ടുന്നു. ശക്തനായ സ്ഥാനാര്‍ഥി രംഗത്തുണ്ടാകുമെന്നാണ് നേതൃത്വം നല്കുന്ന സൂചന. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്.
കോട്ടയം ഉറപ്പിച്ച് ജോസഫ് വിഭാഗം
കേരള കോൺഗ്രസ് എമ്മിനാണ് കോട്ടയം സീറ്റെന്ന ധാരണയിൽ എൽ.ഡി.എഫ് എത്തിയിരുന്നു. പിന്നാലെ സിറ്റിങ് എം.പി തോമസ് ചാഴികാടന് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ, യു.ഡി.എഫിൽ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമെന്ന് വ്യക്തമാക്കിയതോടെ യു.ഡി.എഫിലെ അനിശ്ചിതത്വവും ഒഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി, ജോസഫ് ഗ്രൂപ്പുകൾ ഒരുമിച്ച് നിന്നതിനാലാണ് കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കിയതെന്നും പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ സീറ്റ് തിരിച്ചുപിടിക്കണമെന്നാവശ്യം കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നിഷേധിക്കാൻ കഴിയില്ലെന്നാണ് നേതൃത്വം നൽകിയ സന്ദേശം.
സീറ്റ് ഉറപ്പിച്ചതോടെ കേരള കോണ്‍ഗ്രസില്‍ സ്ഥാനാർഥി ചർച്ചകളും സജീവമായി. മോന്‍സ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന റബര്‍ ലോങ് മാര്‍ച്ചിൽ നിറഞ്ഞനിന്ന ഫ്രാൻസിസ് ജോർജ് സ്ഥാനാർഥിത്വത്തിലേക്ക് എത്തുമെന്നാണ് സംസാരം. പി.സി. തോമസ്, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, കെ.എം. മാണിയുടെ മരുമകനും ഐ.എ.എസ് ഓഫിസറുമായിരുന്ന എം.പി. ജോസഫ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.
റബർ കിലോക്ക് 300 രൂപയാക്കണമെന്നും ഇടതുമുന്നണിയുടെ വാഗ്ദാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കടുത്തുരുത്തിയില്‍നിന്ന് കോട്ടയത്തേക്കായിരുന്നു ലോങ് മാര്‍ച്ച്. മൂന്ന് നിയോജക മണ്ഡലത്തിലൂടെ കടന്നുപോയ മാർച്ചിലൂടെ തെരഞ്ഞെടുപ്പിന്റെ അനൗദ്യോഗിക പ്രചാരണത്തിനും കേരള കോണ്‍ഗ്രസ് തുടക്കം കുറിച്ചു. റബർ വിലയിൽ സർക്കാറിനെ വിമർശിച്ച് സഭാ നേതൃത്വങ്ങൾ രംഗത്തുള്ളതും ഇവർക്ക് ഊർജമാകുന്നുണ്ട്.
ലോക്സഭ ഒരുക്കത്തിലേക്ക് കോൺഗ്രസും കടന്നു. ശനിയാഴ്ച ചേർന്ന ഡി.സി.സി ജനറൽ ബോഡി യോഗം ബൂത്തുതലംവരെ കമ്മിറ്റികൾ ശക്തമാക്കാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.