എഴുത്തിന്റെ വഴിയിൽ ഐഷ
text_fieldsകോട്ടയം: ചെറുപ്പം മുതൽ വായിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഐഷ നാസർ. കൈയിൽ കിട്ടുന്നതെല്ലാം വായിക്കും. ഇംഗ്ലീഷും മലയാളവും ഒരുപോലെ പ്രിയം. എവിടെയോ ഇരുന്ന് ഒരാൾ എഴുതുന്നത് വേറെവിടെയോ ഇരുന്ന് മറ്റൊരാൾ വായിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആ ഹൃദയം തൊടലാണ് ഐഷയെ എഴുത്തിന്റെ ലോകത്തെത്തിച്ചത്.
വെറുതെ കുത്തിക്കുറിക്കാൻ തുടങ്ങിയിടത്തുനിന്ന്, 25 വയസ്സിനകം നാലു പുസ്തകങ്ങളുടെ രചയിതാവായി ഇപ്പോൾ. വെളിച്ചം കാണാത്ത അക്ഷരക്കൂട്ടുകളും ഏറെ. ബിസിനസുകാരനായ കാഞ്ഞിരപ്പള്ളി തേനംമാക്കൽ നാസറുദ്ദീന്റെയും ബീനയുടെയും ഇളയ മകളാണ് ഐഷ. കാഞ്ഞിരപ്പള്ളിയിലെ ലൈബ്രറിയും സ്കൂൾ ലൈബ്രറിയും കൂട്ടുകാരുമായിരുന്നു ആദ്യകാലത്ത് ഐഷയുടെ വായനക്ക് അടിത്തറയൊരുക്കിയത്. ജോലി ലഭിച്ചതോടെ പുസ്തകങ്ങൾ വാങ്ങി വായന തുടങ്ങി.
22ാം വയസ്സിലാണ് ആദ്യപുസ്തകം ‘എലിസ ആൻഡ് മിഡ്നൈറ്റ് ഫെയറി’ പിറക്കുന്നത്. കുട്ടികൾക്കായുള്ള ഫാന്റസി ഫിക്ഷൻ വിഭാഗത്തിൽപെട്ട പുസ്തകം ആമസോണിന്റെ ഇ-ബുക്ക് പബ്ലിഷിങ് പ്ലാറ്റ്ഫോമായ കിൻഡിൽ ഡയറക്ട് പബ്ലിഷിങ് വഴിയാണ് പ്രസിദ്ധീകരിച്ചത്.
രണ്ടാമത്തെ പുസ്തകമായ ‘ടൈം ടീച്ചസ് ടു ഹെൽപ്’ വെളിച്ചം കണ്ടതും കിൻഡിൽ ഡയറക്ട് പബ്ലിഷിങ്ങിലൂടെ തന്നെ. പുതിയ എഴുത്തുകാർക്ക് പുസ്തകം പ്രസിദ്ധീകരിക്കാൻ എളുപ്പവഴിയാണ് കിൻഡിൽ ഡയറക്ട് പബ്ലിഷിങ് എന്നു പറയുന്നു ഐഷ. ഇന്ത്യയിൽ ഇ-ബുക്ക് മാത്രമാണ് ലഭ്യമാകുക.
മൂന്നാമത്തേത് കവിത സമാഹാരമായ ‘ട്വന്റി ത്രീ’യാണ്. ബുക്ക് ലീഫ് പബ്ലിഷേഴ്സാണ് പ്രസാധകർ. ഫിക്ഷൻ വിഭാഗത്തിൽപെട്ട ‘ബിനീത് ദ ഗോൾഡൻ ചെയിൻ’ യൂനികോഡ് പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ രണ്ടാം എഡിഷനും ഇറങ്ങി. ഇൻഫോപാർക്കിലെ ജോലിക്കിടെയാണ് ഐഷ വായിക്കാനും എഴുതാനും സമയം കണ്ടെത്തുന്നത്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലായിരുന്നു 12 ാംക്ലാസ് വരെ പഠനം.
പാലാ സെന്റ് ജോസഫ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് പ്ലേസ്മെന്റ് വഴി മൂന്നുവർഷം മുമ്പാണ് ജോലിക്ക് കയറിയത്. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പുതിയ മലയാളം പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഐഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.