നഗരസഭയിൽനിന്ന് കോടികളുമായി മുങ്ങിയ അഖിൽ എവിടെ പൊലീസേ...
text_fieldsകോട്ടയം: നഗരസഭയിൽനിന്ന് കോടികളുമായി മുങ്ങിയ മുൻ ക്ലർക്ക് അഖിൽ സി. വർഗീസിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അലംഭാവം. നാലുമാസം പിന്നിട്ടിട്ടും കേസിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ പോകാൻ ജില്ല ക്രൈംബ്രാഞ്ചിനായിട്ടില്ല. അന്വേഷണം നടക്കുന്നു എന്നതുമാത്രമാണ് ക്രൈംബ്രാഞ്ച് നൽകുന്ന മറുപടി. അധികൃതരുടെ ഇടപെടലാണ് അന്വേഷണം ഊർജിതമാവാത്തതിന് പിന്നിലെന്നാണ് ആരോപണം. തുടക്കത്തിൽ പ്രക്ഷോഭം നടത്തിയിരുന്ന പ്രതിപക്ഷം സംഭവത്തിന്റെ ചൂടാറിയതോടെ അനങ്ങുന്നില്ല. ആഗസ്റ്റ് ഏഴിനാണ് തട്ടിപ്പ് നടന്നതായി കോട്ടയം മുനിസിപ്പൽ സെക്രട്ടറി വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
വെസ്റ്റ് പൊലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും സാമ്പത്തിക തട്ടിപ്പായതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രതിക്ക് ഒളിവിൽ പോവാൻ സഹായം ചെയ്തുകൊടുത്ത ആളെ പിടികൂടിയിട്ടും പ്രതിയിലേക്കെത്താൻ കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുകയും മുനിസിപ്പാലിറ്റിയിലെ ചിലർ നിരീക്ഷണത്തിലാണെന്നുമാണ് ക്രൈംബ്രാഞ്ചിൽനിന്നുള്ള വിവരം. എന്നാൽ, പ്രതിക്കായി പൊലീസ് മെനക്കെട്ടിറങ്ങിയിട്ടില്ലെന്നാണ് സൂചന. വകുപ്പ് തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. 2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിൽ 2.39 കോടി രൂപയാണ് അഖിൽ തട്ടിയെടുത്തത്. മരിച്ചുപോയ സ്ത്രീയുടെ അക്കൗണ്ട് നമ്പർ തിരുത്തി ഇതേ പേരുള്ള സ്വന്തം മാതാവിന്റെ അക്കൗണ്ട് നമ്പർ ചേർത്താണ് പണം തട്ടിയത്.
കോട്ടയത്ത് ജോലിചെയ്യുമ്പോഴും വൈക്കത്തേക്ക് സ്ഥലമാറ്റം കിട്ടിപ്പോയ ശേഷവും ഇയാൾ തട്ടിപ്പു നടത്തി. സംഭവത്തിൽ അഖിലിനു പുറമെ കോട്ടയം നഗരസഭയിലെ നാല് ഉദ്യോഗസ്ഥരും സസ്പെൻഷനിലാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ തദ്ദേശവകുപ്പിന്റെ സ്ഥലംമാറ്റപ്പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിരുന്നു.ചങ്ങനാശ്ശേരിക്കാണ് ഇയാൾ നേരത്തെ ആവശ്യപ്പെട്ടിരുന്ന പ്രകാരം സ്ഥലംമാറ്റം നൽകിയത്. സാങ്കേതിക പിഴവെന്ന് ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം റദ്ദാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.