ഉജ്ജ്വല ബാല്യപുരസ്കാരത്തിൽ തിളങ്ങി അലീനയും അഖിലേഷും
text_fieldsകോട്ടയം: വനിത ശിശുവികസന വകുപ്പ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്‍റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യ പുരസ്കാരം കുളത്തൂർ പ്രയാർ സ്വദേശിനി അലീന ഷെറിൻ ഫിലിപ്, മാടപ്പള്ളി സ്വദേശി അഖിലേഷ് രാജ് എന്നിവർ സ്വന്തമാക്കി. കല, കായികം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവർക്ക് ജില്ലതലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. 12നും 18നുമിടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക.
പൊതുവിഭാഗക്കാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അലീന ഷെറിൻ ഫിലിപ് മികച്ച ചിത്രകാരിയാണ്. 1500ലധികം ചിത്രങ്ങൾ വരക്കുകയും ചിത്രപ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. നെടുംകുന്നം സെന്‍റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റെജി ഫിലിപ്- റൈനി ദമ്പതികളുടെ മകളാണ്. അനു ഷാലറ്റ്, മരിയ ഷാരോൺ എന്നിവർ സഹോദരിമാരാണ്.
ഭിന്നശേഷി വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് മികച്ച കലാ- കായിക പ്രതിഭയാണ്. നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രാജേഷ്- വി.എസ് അഞ്ചുമോൾ ദമ്പതികളുടെ മകനാണ്. സഹോദരി: ഗൗരി നന്ദന.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ഫലകവും 25,000 രൂപയുമടങ്ങുന്നതാണ് പുരസകാരം. ചടങ്ങിന്‍റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു.
ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ പി.എൻ. ഗീതമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ മണിയമ്മ രാജപ്പൻ, ടി.എസ്. ശ്രീജിത്, ജില്ല പഞ്ചായത്ത് അംഗം മഞ്ജു സുജിത്, വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. സുജയ, ജനപ്രതിനിധികളായ ശ്രീജിത് വെള്ളാവൂർ, ബിന്ദു ജോസഫ്, ബിൻസൺ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.