കാറും പണവും തട്ടിയെടുത്ത കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: പെട്രോൾ തീർന്ന് റോഡിൽ കുടുങ്ങിയ യുവാവിനെ ഹെൽമറ്റിന് അടിച്ചുവീഴ്ത്തിയശേഷം കാർ തട്ടിയെടുത്ത കേസിൽ അവശേഷിച്ച പ്രതികളും അറസ്റ്റിൽ. കടുത്തുരുത്തി വെള്ളാശ്ശേരി അക്ഷയ് (22), മുളക്കുളം പൂഴിക്കോൽ കൊടുതലയിൽ വീട്ടിൽ അഖിൽ (18) എന്നിവരെയാണ് ഞായറാഴ്ച പിടികൂടിയത്.
ശനിയാഴ്ച പെരുവ മാവേലിത്തറ മാത്യൂസ് റോയി (22) ആയാംകുടി മേലേടത്ത് കുഴുപ്പിൽ അനുരാഗ് (24) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നാലുപ്രതികളാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടോടെ ആപ്പാഞ്ചിറ ജങ്ഷനിലായിരുന്നു സംഭവം. മാഞ്ഞൂർ സൗത്ത് പാറപ്പുറം വീട്ടിൽ നിധീഷിനെയാണ് (28) അടിച്ചു വീഴ്ത്തി കാറുമായി പ്രതികൾ കടന്നത്. നിധീഷിെൻറ മൊബൈൽ ഫോൺ, മൂവായിരം രൂപ എന്നിവയും തട്ടിയെടുത്തു.
സുഹൃത്തിെൻറ കാറുമായി മാഞ്ഞൂരിൽനിന്ന് തലയോലപ്പറമ്പിലേക്ക് പോവുകയായിരുന്നു നിധീഷ്. പെട്രോൾ തീർന്നതിനെ തുടർന്ന് ആപ്പാഞ്ചിറയിലെത്തിയപ്പോൾ കാർ നിന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന പ്രതികളോട് നിധീഷ് പെട്രോൾ വാങ്ങാൻ സഹായം ചോദിച്ചു. തുടർന്ന് സംഘത്തിലെ രണ്ടു പേർ കന്നാസുമായി തലയോലപ്പറമ്പിലെത്തി പെട്രോൾ വാങ്ങിയെത്തി. പെട്രോൾ ഒഴിച്ച ശേഷം കാറുമായി പോകാൻ തുടങ്ങുമ്പോൾ പ്രതികൾ ഹെൽമറ്റുകൊണ്ട് നിധീഷനെ അടിച്ചു വീഴ്ത്തുകയായിരുന്നു. കാറുമായി പോയ പ്രതികളെ വിവരമറിഞ്ഞ് പൊലീസും പിന്തുടർന്നു. ഇതിനിടെ കിഴൂർ ഭാഗത്ത് കാർ അപകടത്തിൽ പെട്ട് ടയർ പഞ്ചറായതോടെ സംഘം ഒാടി രക്ഷെപ്പട്ടു. പിന്നീട് പൊലീസ് പമ്പിലെ സി.സി.ടി.വി.കാമറ പരിശോധിക്കുകയും ഇതിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി സി.ഐ എം.എ. മുഹമ്മദ് , എസ്.ഐ. അബ്ദുൾ സത്താർ, എസ്.ഐ. വി. ജയപ്രസാദ്, എ.എസ്.ഐ. രാംദാസ്, എച്ച്.സി.സി ജാസ് ഇബ്രാഹിം, സി.പി.ഒ അരുൺ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.