നിയമഭേദഗതി: വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്കിന്
text_fieldsകോട്ടയം: പാര്‍ലമെൻറിെൻറ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി) ബില്‍ 2021 പാസാക്കുന്നതിനെതിരെ ഈ മാസം 10ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുമെന്ന് നാഷനല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാഷനല്‍ കോഓഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു.
ആഗസ്റ്റ് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫിസുകളിലുമുള്ള ജീവനക്കാര്‍ പ്രകടനം നടത്തും. വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പാസാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്തുതന്നെ ഒന്നില്‍ക്കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. ഇനിമുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ടതില്ല. കമ്പനികള്‍ സംസ്ഥാന റെഗുലേറ്ററി കമീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. ക്രോസ് സബ്സിഡി എടുത്തുകളയുന്നതോടെ സാധാരണക്കാരുടെ വൈദ്യുതിനിരക്ക് പലമടങ്ങ് വര്‍ധിക്കും. പാവപ്പെട്ടവരുടെ സൗജന്യങ്ങളെല്ലാം നിലക്കും. കര്‍ഷകര്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും.
വാർത്തസമ്മേളനത്തിൽ സി.ആർ. അജിത്കുമാർ (വർക്കേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസി), എം.ബി. പ്രസാദ് (കേന്ദ്ര കമ്മിറ്റി അംഗം - വർക്കേഴ്സ് അസോ.), കുര്യൻ സെബാസ്റ്റ്യൻ (സംസ്ഥാന വൈസ് പ്രസി -കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോ.), കെ.സി. സിബു (സംസ്ഥാന ജന.സെക്ര - കോൺട്രാക്ട് വർക്കേഴ്സ് അസോ.), പി.എ. ജേക്കബ് (ജില്ല സെക്ര, കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.