പാലം വരും; ചങ്ങാടയാത്രക്ക് അവസാനമാകുന്നു
text_fieldsകോട്ടയം: രണ്ടു പ്ലാസ്റ്റിക് വീപ്പ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽനിന്ന് മോചനം കിട്ടിയെന്ന പ്രതീക്ഷയിലാണ് തിരുവാർപ്പ് പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡ് നിവാസികൾ. ഇരുകരയെയും ബന്ധിപ്പിക്കുന്ന തോണിക്കടവ് പാലത്തിനു ബജറ്റിൽ തുക അനുവദിച്ചതാണ് പ്രതീക്ഷക്കു കാരണം.
പാലം നിർമിക്കാൻ വോയിസ് ഓഫ് കുമ്മനം, എന്റെ കുമ്മനം വാട്സ്ആപ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതിനു പിന്നാലെയാണ് ആശ്വാസമായി തുക അനുവദിച്ച വാർത്തയെത്തുന്നത്. ആദ്യം കയറിൽ വലിച്ചുയാത്ര ചെയ്യാവുന്ന തോണിയായിരുന്നു ഇരുകരക്കാരുടെയും യാത്രമാർഗം. തോണി തകർന്നതോടെ മൂന്നു കിലോമീറ്ററിലധികം ചുറ്റി യാത്രചെയ്യേണ്ട അവസ്ഥയിലായിരുന്നു. പിന്നീട് ഇരുവാർഡിലെയും മെംബർമാർ മുൻകൈയെടുത്ത് താൽക്കാലിക നടപ്പാലം നിർമിച്ചു. ഏഴുവർഷം ആ നടപ്പാലമായിരുന്നു ആശ്രയം. 2018ലെ പ്രളയത്തിനുശേഷം ബലക്ഷയത്തിലായ പാലം പിന്നീട് കുത്തൊഴുക്കിൽ തകർന്നു.
നൂറുകണക്കിന് പേർ ഉപയോഗിച്ച പാലം തകർന്നതോടെ ഇരുകരയും തമ്മിലുള്ള ബന്ധം വീണ്ടും അറ്റു. ചങ്ങാടം ഉപയോഗിച്ചാണ് പലരും സഞ്ചരിച്ചിരുന്നത്. അപകടകരമായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇതിൽ യാത്ര ചെയ്യാനാകുമായിരുന്നില്ല. നാട്ടുകാർ പലതവണ നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയായില്ല. ഒടുവിൽ നാട്ടുകാർ ജനകീയ പാലത്തിനായി വീണ്ടും ഒരുമിക്കുകയായിരുന്നു. നാട്ടിൽനിന്ന് പണം പിരിച്ച് നടപ്പാലം നിർമിക്കാനായിരുന്നു ഉദ്ദേശം.
ഇരുവാർഡിലെയും മെംബർമാരായ ഷൈനിമോൾ, റൂബി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ കെ.പി. അൻസാർഷാ, ലത്തീഫ് മാനത്തുകാടൻ, ഫൈസൽ പുളിന്താഴ, സക്കീർ ചെങ്ങമ്പള്ളി, കെ.എസ്. അബ്ദുൽ ഖാദർ, ഷമീർ വളയംകണ്ടം, ജാബിർഖാൻ, ആർ.ആർ. റഫീഖ്, നിസം പഴന്തറ എന്നിവരുമായി സഹകരിച്ചാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. ഇതിനു പിന്നാലെ ബജറ്റിൽ തുക അനുവദിച്ച പ്രഖ്യാപനം കൂടി എത്തിയതോടെ നാട്ടുകാർ സന്തോഷത്തിലാണ്. പാലത്തിന് 44 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.