മൂന്നാംതവണയും രാമപുരം സ്കൂളില്‍ സാമൂഹികവിരുദ്ധശല്യം
text_fieldsരാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ മൂന്നുമാസത്തിനിടെ മൂന്നാമതും സാമൂഹ്യവിരുദ്ധശല്യം. ഇത്തവണ കവർന്നെടുത്തത് സി.സി.ടി.വി കാമറ. ചട്ടപ്പടിപോലെ രാമപുരം പൊലീസ് കേസെടുക്കുന്നതല്ലാതെ ഒരു തുടര്‍നടപടിയുമില്ല. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കൻഡറി സ്കൂളിന് നേരേ തുടര്‍ച്ചയായി നടക്കുന്ന സാമൂഹ്യവിരുദ്ധശല്യം അടിച്ചമര്ത്താത്തതിന്റെ അമര്‍ഷത്തിലാണ് രക്ഷിതാക്കളും പൂര്‍വ വിദ്യാർഥികളുമെല്ലാം.
മൂന്നുമാസം മുമ്പാണ് സ്കൂളിലെ ചെടിച്ചട്ടികള്‍ എറിഞ്ഞുതകര്‍ത്ത സംഭവമുണ്ടായത്. ഇക്കാര്യത്തില്‍ രാമപുരം പൊലീസ് കേസെടുത്തെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ചെടിച്ചട്ടികള്‍ തകര്‍ത്തനിലയില്‍ കാണപ്പെട്ടു. വിലപിടിപ്പുള്ള ചെടികളാണന്ന് അന്ന് നശിപ്പിച്ചത്.
ഒന്നരവര്‍ഷം മുമ്പ് സ്കൂള്‍വളപ്പില്‍ രാത്രിയില്‍ കഞ്ചാവ് മാഫിയ താവളമാക്കിയതറിഞ്ഞ് അന്നത്തെ പ്രിന്‍സിപ്പല്‍ എസ്.ഐ. അരുണ്‍കുമാറും സംഘവും സ്ഥലത്തെത്തിയെങ്കിലും എസ്.ഐക്ക് നേരെ കുരുമുളക് വെള്ളം സ്പ്രേചെയ്ത് സാമൂഹ്യവിരുദ്ധര്‍ കടന്നുകളയുകയായിരുന്നു. കുപ്രസിദ്ധ മോഷ്ടാക്കൾ കൂടിയായിരുന്ന ഇവരെ ഒരുവര്‍ഷത്തിന് ശേഷം മറ്റൊരു കേസ് അന്വേഷണത്തിനിടയിലാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി സ്കൂളിന്റെ പിന്‍ഭാഗത്തുള്ള കാമറയാണ് സാമൂഹ്യവിരുദ്ധര്‍ ഊരിക്കൊണ്ടുപോയത്. കേബിളുകള്‍ നശിപ്പിക്കുകയും ചെയ്തു.മറ്റ് കാമറകളില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആറുപേര്‍ സംഭവത്തിലുള്ളതായി ദൃശ്യത്തില്‍ നിന്നും മനസ്സിലാകും.
രാമപുരം സ്കൂളും പരിസരവും സന്ധ്യമയങ്ങുന്നതോടെ കഞ്ചാവ് മാഫിയയും മറ്റ് സാമൂഹ്യവിരുദ്ധരും കൈയടക്കുകയാണെന്ന പരാതി നേരത്തെതന്നെയുണ്ട്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും ഇവരുടെ പതിവാണ്.
സി.സി.ടി.വി കാമറ മോഷ്ടിച്ചത് സംബന്ധിച്ച് സ്കൂള്‍ അധികാരികള്‍ രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേസമയം സ്കൂളിലെ സി.സി.ടി.വി കാമറകള്‍ മോഷണംപോയത് സംബന്ധിച്ച പരാതി തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ലഭിക്കുന്ന മുറക്ക് അന്വേഷിക്കാമെന്നും രാമപുരം സി.ഐ. ഉണ്ണികൃഷ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.