കുട്ടികൾ ഓൺലൈനിലാണോ... കണ്ണുവേണം ഇരുപുറമെപ്പോഴും
text_fieldsകോട്ടയം: ''മൊബൈൽ ഫോണിലെ ഗെയിം നിർത്താൻ ആവശ്യപ്പെട്ടതു മാത്രമേയുള്ളൂ. എെൻറ മകൻ എന്നോടു മിണ്ടിയിട്ട് ആറുമാസമായി.'' കോട്ടയം പൊലീസിെൻറ ഓപറേഷന് ഗുരുകുലം പദ്ധതി കോഓഡിനേറ്ററെ സമീപിച്ച് കഴിഞ്ഞ ദിവസം പ്ലസ് ടുക്കാരെൻറ മാതാവ് സങ്കടത്തോടെ പറഞ്ഞതാണിത്. പകൽ പുറത്തുകളിക്കാൻ പോകും. വന്നാലുടൻ മുകൾ നിലയിലേക്ക് കയറും. ഭക്ഷണം മേശപ്പുറത്ത് എടുത്തുവെച്ചാൽ മതി. ആവശ്യമുള്ളപ്പോൾ വന്ന് കഴിക്കും. വിളിക്കരുത്, എന്തെങ്കിലും ചോദിച്ചാൽ അക്രമാസക്തനാകും. കൈയിൽ കിട്ടിയത് എറിഞ്ഞുടക്കും.
വീട്ടിലെ ബോറടിയിൽനിന്ന് രക്ഷപ്പെടാനാണ് പത്താം ക്ലാസുകാരി ഇൻസ്റ്റഗ്രാമിൽ കേറിയത്. അതുവഴി ആലപ്പുഴ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടു. അവൻ പങ്കുവെച്ചതാകട്ടെ കദനകഥകൾ. അമ്മക്കു സുഖമില്ല. നോക്കാൻ താൻ മാത്രമേയുള്ളൂ. ചികിത്സക്ക് പണമില്ല. അവെൻറ കള്ളക്കരച്ചിലിൽ വീണ പെൺകുട്ടി വീട്ടിൽനിന്ന് പലതവണയായി നൽകിയത് 13 പവനും 25,000 രൂപയും. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പണവും ആഭണവും വാങ്ങിയിരുന്നത്. അയാൾ എത്തുേമ്പാൾ സി.സി ടി.വി കാമറ ഓഫാക്കി നൽകും പെൺകുട്ടി. പെൺകുട്ടിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു. ഒരു ദിവസം കാമറ ഓഫാക്കാൻ മറന്നു. സ്വർണം കാണാതായതിനെ തുടർന്ന് മാതാവ് കാമറ പരിശോധിച്ചപ്പോഴാണ് ഇവെൻറ വരവും പോക്കും അറിഞ്ഞത്. ദൃശ്യങ്ങൾ കിട്ടിയതോടെ പൊലീസിലറിയിച്ച് അവനെ കൈയോടെ പൊക്കി.
പുസ്തക വിൽപനക്കാർ എന്നു പറഞ്ഞാണ് അയാൾ സ്കൂളുകളിൽനിന്ന് പെൺകുട്ടികളുടെ േഫാൺനമ്പർ സംഘടിപ്പിച്ചത്. പിന്നെ സ്കൂളിലെ കൗൺസലറാണെന്ന് പറഞ്ഞു കുട്ടികളെ വിളിച്ചു. ഓൺലൈൻ ക്ലാസിന് ലിങ്ക് അയച്ചുതരാമെന്നും ഒറ്റക്ക് മുറിയടച്ചിരുന്ന് ആ ലിങ്കിൽ കേറണമെന്നും പറഞ്ഞു. മറ്റു ശബ്ദങ്ങൾ ഉണ്ടായാൽ ക്ലാസ് തടസ്സപ്പെടുമെന്നാണ് അയാൾ മുറിയടച്ചിടലിന് ന്യായീകരണം പറഞ്ഞത്. പറഞ്ഞപോലെ ലിങ്കിൽ കേറി. മാസ്കും തൊപ്പിയും ധരിച്ചയാൾ 'കൗൺസലർ' തന്നെയെന്ന് കുട്ടിയും കരുതി. കുട്ടികളോട് വിഡിയോ ഒാണാക്കാൻ പറഞ്ഞ് 'കൗൺസലർ' വിഡിയോ ഓഫാക്കി. അൽപം കഴിഞ്ഞതോടെ സംസാരം വഴി മാറി. കുട്ടിയുടെ മോശം പടങ്ങൾ കരസ്ഥമാക്കിയശേഷം പിന്നെ ഭീഷണിയായി. പേടിയും നാണക്കേടും മാറ്റിവെച്ച് കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
മൊബൈൽ ഷോപ്പിലെത്തി 1000 രൂപക്ക് റീചാർജ് ചെയ്തശേഷം പണം കൊടുക്കാതെ ഓടി രക്ഷപ്പെട്ട എട്ടാം ക്ലാസുകാരെൻറ പിറകെ കടക്കാർ വീട്ടിലെത്തി. പിതാവ് ഫോൺ നോക്കിയപ്പോൾ ഫോണിൽ റീചാർജ് ചെയ്തിട്ടില്ല. ചോദിച്ചപ്പോഴാണ് അറിഞ്ഞത് കുട്ടി ഗെയിമിന് മാത്രമായാണ് റീചാർജ് ചെയ്തത്. അന്വേഷിച്ചപ്പോൾ പിതാവിെൻറ പോക്കറ്റിൽനിന്നും അമ്മൂമ്മയുടെ പഴ്സിൽനിന്നും പലപ്പോഴായി 15,000 രൂപയോളം അവൻ മോഷ്ടിച്ചു.
ബാങ്ക് അക്കൗണ്ടിൽ ബാലൻസില്ലെന്ന് െമസേജ് വന്നപ്പോഴാണ് വനിത ഡോക്ടർ ബാങ്കിലെത്തിയത്. ഒന്നര ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ബാങ്ക് അധികൃതർ കൈമലർത്തി. പണം പിൻവലിച്ചതുതെന്നയാണ്. പൊലീസിൽ അറിയിച്ച് അന്വേഷണം നടത്തിയപ്പോൾ ഇതിനു പിന്നിൽ മകൻ തന്നെയാണെന്ന് വെളിപ്പെട്ടു. മാതാവ് കുളിക്കാൻ കയറുന്ന സമയം മകൻ ഗെയിം കളിക്കാൻ നെറ്റ് ബാങ്കിങ് വഴി പണം പിൻവലിക്കും. ബാലൻസ് മെസേജ് ഡിലീറ്റ് ചെയ്യും. ഒന്നരലക്ഷത്തിൽ ഇനി നാലു രൂപ മാത്രം ബാക്കിയുണ്ട്. പണം പോയതാകട്ടെ നൈജീരിയക്കാരെൻറ അക്കൗണ്ടിലേക്കും.
24 മണിക്കൂറും മൊബൈൽ നോക്കിയിരിക്കുന്ന എട്ടാംക്ലാസുകാരനോട് മൊബൈൽ മാറ്റിവെച്ച് പഠിക്കാൻ പറഞ്ഞു പിതാവ്. അനുസരിക്കാതായതോടെ ദേഷ്യപ്പെട്ടു. ഉടൻ വന്നു മറുപടി. ''നീ നിെൻറ പണി നോക്കടാ'' ബാക്കി തെറിയും. സ്തംഭിച്ചുപോയി ആ പിതാവ്. ഓരോ ദിവസവും കോട്ടയം പൊലീസിെൻറ ഓപറേഷന് ഗുരുകുലം പദ്ധതിയെ സമീപിക്കുന്ന രക്ഷിതാക്കൾ പറഞ്ഞ കഥകളിൽ ചിലതു മാത്രമാണിത്. കുട്ടികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയുമാണ് ഗുരുകുലം പദ്ധതിയിൽ ചെയ്യുന്നത്. സഹായവുമായി തങ്ങളെ ബന്ധപ്പെടുന്ന 80 ശതമാനം കുട്ടികളെയും തിരിച്ചുകൊണ്ടുവരാൻ ഗുരുകുലം പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോൺ ദുരുപയോഗം നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നതിലേറെ അപകടകരമായ സ്ഥിതിയിലാണെന്ന് ഓപറേഷന് ഗുരുകുലം പദ്ധതി കോ-ഓഡിനേറ്റര്‍ അസി. സബ് ഇൻസ്പെക്ടര്‍ കെ.ആര്. അരുൺകുമാർ പറഞ്ഞു.
കോട്ടയം ജില്ല പൊലീസിെൻറ ഓപറേഷന് ഗുരുകുലം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങളില്‍ സഹായം നൽകും. നോഡല്‍ ഓഫിസര്‍ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാര്‍ ( 9497990050), കോ-ഓഡിനേറ്റര്‍ അസി. സബ് ഇൻസ്പെക്ടര്‍ കെ. ആര്. അരുൺകുമാർ (9447267739), സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം. മിനിമോള്‍ (9497931888) എന്നിവരെ ബന്ധപ്പെടാം.
ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ
ഫ്രീഫയര്പോലുള്ള ഗെയിമുകള്‍ ഒരു കാരണവശാലും കളിക്കാന്‍ സമ്മതിക്കരുത്. അഡിക്ഷന് ഉണ്ടാക്കുന്ന വിവരം കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക
കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കയറുന്നുണ്ടെന്ന് ഇടക്ക് സ്കൂളില്‍ വിളിച്ച് ഉറപ്പുവരുത്തുക
മുമ്പില്ലാത്ത ദേഷ്യം, മാതാപിതാക്കളോട് സ്നേഹക്കുറവ്, മുറി അടച്ചിരിക്കുക, കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ വിമുഖത തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കുട്ടികൾക്ക് നൽകിയിരിക്കുന്ന മൊബൈൽ വഴി ഓൺലൈന്‍ ഷോപ്പിങ്, ബാങ്കിങ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതിരിക്കുക
കുട്ടികൾക്ക് എന്തെങ്കിലും ഓണ്‍ലൈനായി വാങ്ങണമെങ്കില്‍ രക്ഷിതാക്കള്‍ വാങ്ങി നൽകുക
ഓൺലൈന്‍ ബാങ്കിങ്, മറ്റു ഡിജിറ്റല്‍ പണമിടപാടുകളുടെ യൂസര്‍ നെയിം പാസ്വേഡ് എന്നിവ കുട്ടികൾക്ക് നൽകരുത്
രാത്രി കിടക്കുന്നതിനു മുമ്പ് മൊബൈല്‍ ഫോൺ മുറിക്ക് പുറത്ത് പൊതുവായ സ്ഥലത്ത് നിർബന്ധമായും വെക്കാൻ തീരുമാനം എടുപ്പിക്കുക. മൊബൈല്‍ ഫോണുമായി മുറി അടച്ചിരിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കരുത്
പഠിക്കുന്ന സമയം ഒഴികെ മറ്റു സമയങ്ങളില്‍ വീട്ടില്‍ പൊതുവായ സംസാരവും തമാശകളും മറ്റു ക്രിയാത്മകമായ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കുട്ടികളെ ശീലിപ്പിക്കുക
ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ ആണെങ്കില്‍ പഠന സമയം മനസ്സിലാക്കിെവച്ചിട്ട് ബാക്കി സമയം എന്തെങ്കിലും ക്രിയാത്മക ജോലികള്‍ ഏൽപിച്ചിട്ടു പോകുക. ഇത് മുഴുവന്‍ സമയം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മുഴുകുന്നത് ഒഴിവാക്കാന്‍ സഹായിക്കും
കുറച്ചു സമയം വ്യായാമത്തിനോ, മറ്റു ശാരീരിക അധ്വാനമുള്ള കാര്യങ്ങൾക്കോ ചെലവഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക
വീട്ടില്‍ പൊതുവായ മൊബൈല്‍ ഫോണ്‍ ഉപയോഗ സംസ്കാരം ഉണ്ടാക്കി എടുക്കുക. രാത്രി നിശ്ചിത സമയത്തിനുശേഷം സോഷ്യല്‍ മീഡിയ, ഇൻറർനെറ്റ് എന്നിവ ഉപയോഗിക്കില്ല എന്നും അത്യാവശ്യ/ ഔദ്യോഗിക ഫോണ്‍ കാളുകള്‍ മാത്രം അറ്റൻഡ് ചെയ്യുമെന്ന് പൊതുവായി തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.