ചൂടിന് ശമനമില്ല; വറചട്ടിയിൽ കച്ചവടം
text_fieldsകോട്ടയം: തിളച്ചുമറിയുന്ന പൊരിവെയിലിൽ വെന്തുരുകുകയാണ് നഗരത്തിലെ വ്യാപാരി മേഖല. ചൂട് അസഹനീയമായതിനെ തുടർന്ന് കടകളിൽ കച്ചവടം കുറഞ്ഞു. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെയാണ് ചൂട് ഏറ്റവും ബാധിച്ചിരിക്കുന്നത്. രാവിലെ 11ന് ശേഷം ജനം പുറത്തിറങ്ങാത്ത അവസ്ഥയാണ്. ആളുകൾ എത്താത്തതിനാൽ വ്യാപാരം മോശമാണ്. ഇതരസംസ്ഥാനക്കാർ മുതൽ വയോധികർവരെ ഉൾപ്പെടുന്ന വ്യാപാരിസമൂഹം ഒരു കുടയുടെ കീഴിലെ തണലിലാണ് കച്ചവടം നടത്തുന്നത്. മാർക്കറ്റിനുള്ളിൽ പോലും ചൂടൊഴിവാക്കുന്നതിനായി ഗ്രീൻനെറ്റ് കെട്ടുന്നതിനായി നഗരസഭ ഉൾപ്പെടെ ആരും തയാറാകുന്നില്ല.
ചൂട് ഗണ്യമായി വർധിക്കുന്നതിനെ തുടർന്ന് സ്ഥിര ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതായും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ വെയിലേറ്റും വിൽപന നടക്കാതെയും വാടിപ്പോകുകയാണെന്നും വ്യാപാരികൾ പറയുന്നു. രാവിലെ 10ന് എത്തുന്ന തിരക്ക് പിന്നീട് വൈകീട്ട് അഞ്ചിന് ശേഷമാണ് ഉണ്ടാകുന്നത്. കൊടുംചൂടിൽ വലയുന്നവർ വെള്ളം കുടിച്ച് വിശപ്പകറ്റുന്നത് ഹോട്ടൽ മേഖലയിലും വ്യാപാരം കുറയാനിടയാക്കി. പകൽ പുറംപണി ചെയ്യുന്ന തൊഴിലാളികളെ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകൾക്കും അവസ്ഥ ഇതാണ്.
ശക്തമായ ചൂടിനെ തുടർന്നുണ്ടാകുന്ന സൂര്യഘാതത്തെയും ദേഹാസ്വാസ്ഥ്യത്തെയും തുടർന്ന് പകൽ നിർമാണ, പെയിന്റിങ് തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും താപനില ഉയരുന്നതാണ് തൊഴിലാളികളുടെ എണ്ണം കുറക്കാനിടയാക്കുന്നത്. ചൂട് കൂടിയ ശേഷം നിർമാണമേഖലയിൽ 40 ശതമാനംവരെ ജോലികൾ കുറഞ്ഞതായി കരാറുകാർ പറയുന്നു.
വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും മറ്റൊരു പ്രഹരമായി. വീടുകളുടെ നിർമാണം ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്. ചൂട് കാലത്തെ തൊഴിൽനിയന്ത്രണം മേഖലയെ പ്രതിസന്ധിയിലാക്കി. അന്തർ സംസ്ഥാന തൊഴിലാളികളാണ് നിർമാണമേഖലയിൽ കൂടുതലായി പണിയെടുക്കുന്നത്. ഉഷ്ണതരംഗം ഉയർന്നതിനെ തുടർന്ന് തൊഴിലാളികളുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.