അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് നിർമാണം അവസാനഘട്ടത്തിൽ
text_fieldsകോട്ടയം: സർക്കാറിെൻറ കീഴിലെ നൈപുണ്യ വികസന പ്രസ്ഥാനമായ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്ക് നിർമാണം അവസാന ഘട്ടത്തിലേക്ക്. പാമ്പാടി പഞ്ചായത്തിലെ വെള്ളൂർ എട്ടാം മൈലിൽ ദേശീയപാതയുടെ സമീപത്താണ് പാർക്ക് നിർമിക്കുന്നത്. 28,193 ചതുരശ്രയടിയിൽ രണ്ടുനിലയിലായി ഉയരുന്ന മന്ദിരത്തിൽ ഹൈടെക് ക്ലാസ് മുറികൾ, പരിശീലന കേന്ദ്രം, പ്രാക്ടിക്കൽ മെഷിനറി റൂം, വിഡിയോ കോൺഫറൻസിങ് റൂം എന്നിവ ഉൾപ്പെടുന്നു.
പ്രായഭേദമന്യേ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നൈപുണ്യ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തുടനീളം അന്താരാഷ്ട്ര നിലവാരത്തിൽ 16 സ്കിൽ പാർക്കുകളാണ് നിർമാണം ആരംഭിച്ചത്. ഇതിൽ ഒമ്പത് എണ്ണം പൂർത്തിയായി. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പാർക്കുകളുടെ പ്രവർത്തനം. പ്രമുഖ ടെക് അധിഷ്ഠിത പ്രഫഷനൽ വിദ്യാഭ്യാസ ബ്രാൻഡായ 'ഇമാരിറ്റിക്കസ് ലേണിങ്' ആണ് ജില്ലയിലെ ഓപറേറ്റിങ് പാർട്നർ.
വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് ബാങ്കിങ് ആൻഡ് വെൽത്ത് മാനേജ്മെൻറ് (ബി.ഡബ്ല്യു.എം), സർട്ടിഫൈഡ് ഇൻവെസ്റ്റ്മെൻറ്് ബാങ്കിങ് ഓപറേഷൻസ് പ്രഫഷനൽ (സി.ഐ.ബി.ഒ.പി), വിദേശ ഭാഷ പരിശീലനം (ഫ്രഞ്ച്), ബിരുദാനന്തര ബിരുദ പ്രോഗ്രാം ഇൻ േഡറ്റ അനലിറ്റിക്സ് (പി.ജി.ഡി.എ) എന്നീ കോഴ്സുകളിൽ പാമ്പാടി സ്കിൽ പാർക്ക് ഓൺലൈൻ പരിശീലനം നൽകുന്നുണ്ട്. ഒക്ടോബറിൽ കൂടുതൽ പുതിയ കോഴ്സുകൾ ആരംഭിക്കും.
രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ബി.കോം, ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എസ്സി മാത്സ് വിദ്യാർഥികൾക്കും ബിരുദധാരികൾക്കുമായി ബി.എഫ്.എസ്.ഐ മേഖലയിൽ അനവധി തൊഴിൽ അവസരങ്ങളുള്ള കോഴ്സുകളായ അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റൻറ്, സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്നീഷൻ കോഴ്സ്, കെമിസ്ട്രി ബിരുദധാരികൾക്കായി ലാബ് കെമിസ്റ്റ് കോഴ്സ് എന്നിവയിലേക്ക് രജിസ്ട്രേഷനും പുരോഗമിക്കുന്നു. വിവരങ്ങൾക്ക് https://asapkerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.