പറഞ്ഞതും ചെയ്തതും- പൂഞ്ഞാൻ മണ്ഡലം
text_fieldsവികസന രംഗത്ത് കുതിച്ചുചാട്ടം- പി.സിജോർജ്
മുണ്ടക്കയം: വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പൂഞ്ഞാർ മണ്ഡലത്തിൽ ഉണ്ടായതെന്നു പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. ജനകീയവിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ടു. ഒമ്പതു പഞ്ചായത്തിലും നഗരസഭയിലും നിരവധി പദ്ധതികൾ നടപ്പാക്കി. കോവിഡ് ഘട്ടത്തിൽ എല്ലാ മേഖലയിലും എത്തി ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വിളിച്ചിരുത്തി ആരോഗ്യരംഗത്ത് സജീവമായ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരംകവല റോഡ് 80 കോടി മുടക്കി നിർമാണം നടത്തി. മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡ് (14.73 കോടി), മുണ്ടക്കയം ബൈപാസ് (17.22 കോടി), മുരിക്കുംവയൽ വി.എച്ച്.എസ്.എസ് (എട്ടു കോടി), മുണ്ടക്കയം സർക്കാർ ആശുപത്രി (ആറുകോടി), ഗവ.എച്ച്.എസ്. പനക്കച്ചിറ (രണ്ടുകോടി), ഗവ. മുസ്ലിം എൽ.പി.എസ്( മൂന്നു കോടി), മുണ്ടക്കയം-കോരുത്തോട്- കണമലറോഡ് (14 കോടി), ഈരാറ്റുപേട്ട കോടതി കെട്ടിടം (മൂന്നു കോടി), കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ (ഒരു കോടി), പൂഞ്ഞാർ-പെരിങ്ങളം റോഡ് (3.70 കോടി), അരുവിത്തറ കോളജ് പാലം ( മൂന്ന് കോടി ), എം.ഇ.എസ്- തടവനാൽ പാലം ( മൂന്ന് കോടി ), എരുമേലി 110 കെ.വി. സബ്സറ്റേഷൻ (എട്ടു കോടി), മുണ്ടക്കയം 66 കെ.വി, 110 കെ.വി സബ്സ്റ്റേഷനുമായി 11.10കോടി തുടങ്ങി കോടിക്കണക്കിനു രൂപയുടെ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞു.
ശബരിമല വികസനത്തിൽപെടുത്തി എരുമേലിയിൽ 10 കോടി അനുവദിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തിലെവിടെയും പോകാൻ തയാറാകാത്ത ചിലരാണ് തനിക്കെതിരെ വികസന വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ വികസിപ്പിച്ച എം.എൽ.എ
മുണ്ടക്കയം: വിവാദങ്ങൾ വികസിപ്പിച്ച എം.എൽ.എയാണ് പൂഞ്ഞാറിലുള്ളതെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജോർജ്കുട്ടി ആഗസ്തി. സർവ മേഖലയിലും പരാജയപ്പെട്ട എം.എൽ.എയാണ് പി.സി. ജോർജ്.
വികസനത്തേക്കാൾ വിവാദത്തിനു പ്രാധാന്യം നൽകി അതിലൂടെ വലിയവനാകാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിേൻറത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്് ഈരാറ്റുപേട്ട താലൂക്ക് രൂപവത്കരണമായിരുന്നു. അഞ്ചു വർഷം പിന്നിടുമ്പോഴും അത് നടപ്പായിട്ടില്ല. ജനസാന്ദ്രത കൂടിയ ഈരാറ്റുപേട്ടയിൽ ആതുര സേവനത്തിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
അടിസ്ഥാനസൗകര്യം പോലും ആരോഗ്യരംഗത്തു നടപ്പാക്കിയില്ല. എരുമേലി പട്ടണത്തെ ടൗൺഷിപ് ആക്കുമെന്ന പ്രഖ്യാപനവും വാക്കിലൊതുങ്ങി. വഴിക്കടവ് പമ്പാവാലി 120 കിലോമീറ്റർ ദൂരത്തിൽ എന്തു ചെയ്യാനായി എന്ന് എം.എൽ.എ വ്യക്തമാക്കണം. എം.എൽ.എ എന്ന നിലയിൽ നിയമസഭയിൽ ജനകീയ വിഷയങ്ങളിൽ ഒരു ശ്രദ്ധക്ഷണിക്കൽപോലും നടത്താനായിട്ടില്ല.
കണമല പാലം, മുണ്ടക്കയം ബൈപാസ് എന്നിവ കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോൾ അനുവദിച്ച പദ്ധതിയാണ്. അതിൽ എം.എൽ.എക്ക് ഒരു പങ്കുമില്ല. മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡ് മുൻ നിയമസഭ അംഗം കെ.ജെ. തോമസ് ഇടപെട്ട് ഇടതു സർക്കാറിൽനിന്ന് നേടിയെടുത്തതാണ്. ആരുടെയൊക്കെയോ സംരക്ഷകനായി നടക്കുന്ന പി.സി. ജോർജ് പട്ടികജാതി വർഗ പിന്നാക്ക വിഭാഗത്തിെൻറ അന്തകനായി മാറിയിരിക്കുകയാണെന്നും ജോർജ്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.