കൊയ്ത്ത് അവസാനഘട്ടത്തിൽ; സംഭരിച്ച നെല്ലിന്റെ പണത്തിനായി കർഷകരുടെ കാത്തിരിപ്പ്
text_fieldsകോട്ടയം: കൊയ്ത്ത് അവസാനഘട്ടത്തിലെത്തിയിട്ടും സംഭരിച്ച നെല്ലിന്റെ പണം കാത്ത് കർഷകർ. ജില്ലയിലെ നെൽകർഷകർക്ക് 124.67 കോടി രൂപയാണ് ലഭിക്കാനുള്ളത്.
എന്നാൽ, വിളവെടുപ്പും സംഭരണവും പൂർത്തിയാകാറായിട്ടും ഭൂരിഭാഗത്തിനും തുക ലഭിച്ചിട്ടില്ല. കോട്ടയം താലൂക്കിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്. മൊത്തം 69.76 കോടിയാണ് കുടിശ്ശിക. വൈക്കം- 40.10 കോടി, ചങ്ങനാശ്ശേരി- 13.53 കോടി, കാഞ്ഞിരപ്പള്ളി-41 ലക്ഷം, മീനച്ചിൽ-87 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ള തുക.
കഴിഞ്ഞ 12 മുതൽ പണം വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. ബാങ്കുകളിൽനിന്ന് പി.ആർ.എസ് വായ്പയായിട്ടാണ് കർഷകർക്ക് പണം നൽകുന്നത്. ഇതുവരെ സപ്ലൈകോ സംഭരിച്ചത് 1000 കോടിയുടെ നെല്ലാണ്. ഇതിന്റെ പകുതി പോലും പണം കർഷകർക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഏപ്രിൽ ആറു വരെ പി.ആർ.എസ് നൽകിയ കർഷകർക്ക് പണം നൽകാൽ പേയ്മെന്റ് ഓർഡർ ബാങ്കുകൾക്ക് നൽകിയെന്നാണ് സപ്ലൈകോ പറയുന്നത്.
ഇത്തവണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചാണ് സപ്ലൈകോ പണം നൽകുന്നത്. 90 ശതമാനം കർഷകർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (എസ്.ബി.ഐ) അക്കൗണ്ടുള്ളത്.
ഇവരാകട്ടെ കർഷകർക്ക് പണം നൽകാൻ വിമുഖത കാട്ടുകയുമാണ്. ജീവനക്കാർ ഇല്ലെന്നും, ഒരു കർഷകന്റെ വായ്പ പ്രോസസ് ചെയ്യാൻ രണ്ടു മണിക്കൂറോളം സമയം വേണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. കാലഹരണപ്പെട്ട സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ വർഷവും എസ്.ബി.ഐ കർഷകരെ വലച്ചിരുന്നു.
ഉഴവ് കൂലി, കൊയ്ത്ത് കൂലി, വളം, കീടനാശിനി എന്നിവ കടം നൽകിയ കച്ചവടക്കാർ പണത്തിനായി കർഷകരെ സമീപിച്ചു തുടങ്ങി. ഭൂരിഭാഗം കർഷകരും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്. ഇവർ കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയിൽ കൊയ്ത്ത് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. വേനൽമഴ വിട്ടുനിന്നതിനാൽ വിളവെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതാണ് ആശ്വാസമായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.